പട്ടാമ്പി: കൃഷിയോടുള്ള താൽപര്യവും കഠിനാധ്വാനവും കൈമുതലാക്കി കൂൺകൃഷിയിൽ വിജയത്തിന്റെ പാത തെളിക്കുകയാണ് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ ചുണ്ടമ്പറ്റയിൽ താമസിക്കുന്ന സുരഭി. വീട്ടമ്മ എന്ന നിലയിൽ ഒതുങ്ങിനിൽക്കാതെ, സ്വന്തമായി രണ്ട് കൂൺ ഫാമുകൾ ഒരുക്കി സംരംഭകത്വത്തിന്റെ വേറിട്ട മാതൃക തീർക്കുകയാണ് ഈ വനിത.
'വിക്ടറി' എന്ന പേരിലാണ് സുരഭി തന്റെ കൂൺ ഫാമുകൾ നടത്തുന്നത്. അഞ്ച് വർഷമായി കൂൺകൃഷി രംഗത്ത് സജീവമായ സുരഭി, കൃഷിയെ വരുമാനമാർഗമാക്കി മാറ്റുന്നതിനൊപ്പം അതിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയാണ് മുന്നേറുന്നത്.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചിപ്പിക്കൂണാണ് ഫാമിൽ പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്. ഒരു കൂൺ ബെഡിൽനിന്ന് 700 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ വിളവ് ലഭിക്കും. കിലോഗ്രാമിന് 500 രൂപ നിരക്കിലാണ് കൂൺ വിൽക്കുന്നത്. ഉൽപ്പാദനത്തിൽ മാത്രം ഒതുങ്ങാതെ കൂൺ അച്ചാർ ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും സുരഭി തയ്യാറാക്കുന്നുണ്ട്. കൂണിൽനിന്ന് വിവിധ ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ സംരംഭത്തിന്റെ സാധ്യതകൾ വിപുലമാക്കുകയാണ് ലക്ഷ്യം.
കൂൺകൃഷിയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് സുരഭിയും കുടുംബവും പട്ടാമ്പി കൃഷി വിജ്ഞാൻ കേന്ദ്രത്തിൽനിന്ന് മൂന്ന് ദിവസത്തെ പരിശീലനം നേടിയിരുന്നു. കൃഷിരീതികളെക്കുറിച്ചുള്ള അറിവും അനുഭവസമ്പത്തും ഉപയോഗപ്പെടുത്തിയാണ് ഫാമിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.
കൃഷിയിൽനിന്ന് മികച്ച വരുമാനം കണ്ടെത്തുന്നതിനൊപ്പം ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനും സുരഭി ശ്രമിക്കുന്നുണ്ട്. കൂൺ അച്ചാർ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കുടുംബശ്രീ മേളകളിലൂടെ വിപണനം ചെയ്യാനുള്ള ആലോചനയുമുണ്ട്.
സുരഭിയുടെ സംരംഭത്തിന് കൂൺഗ്രാമം പദ്ധതിയിലൂടെ ഫാമിനായി രണ്ട് ലക്ഷം രൂപയും പാക്കിങ് യൂണിറ്റിനായി ഒരു ലക്ഷം രൂപയും ധനസഹായമായി ലഭിച്ചിരുന്നു. വികാസ് കുടുംബശ്രീ യൂണിറ്റിലെ അംഗമായ സുരഭിക്ക് കുടുംബശ്രീയുടെ പിന്തുണയും കൃഷി മുന്നോട്ടുകൊണ്ടുപോകുന്നതിൽ സഹായകരമായി. സ്വന്തം അധ്വാനവും കൃത്യമായ ആസൂത്രണവും കൈമുതലാക്കി കൃഷിയെ വിജയകരമായ സംരംഭമാക്കി മാറ്റാമെന്നതിന്റെ ഉദാഹരണമാണ് സുരഭിയുടെ കൂൺകൃഷി.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!