ഒറ്റപ്പാലം: ഇസ്ലാമിക വ്യക്തിനിയമപ്രകാരം വിവാഹിതരായവരിൽ ഭാര്യ ഭർത്താവിനെ നിയമം അനുശാസിക്കുന്ന 'ഖുല' (Khula) എന്ന ഇസ്ലാമിക രീതിയിൽ വിവാഹബന്ധം വേർപെടുത്തുന്ന സന്ദർഭത്തിൽ, വിവാഹ സമയത്ത് ഭർത്താവ് ഭാര്യയ്ക്കു നൽകിയ വിവാഹ പാരിതോഷികങ്ങളും മഹറും ഭർത്താവിന് തിരിച്ചു നൽകണമെന്ന് ഒറ്റപ്പാലം കുടുംബ കോടതി ഉത്തരവിട്ടു. ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ വിധിയാണിതെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ വ്യക്തമാക്കി.
പെരിന്തൽമണ്ണ സ്വദേശിയായ ഭർത്താവിനെതിരെ, തിരുവേഗപ്പുറ സ്വദേശിയായ ഭാര്യയാണ് കുടുംബബന്ധം തകർന്നതിനെ തുടർന്ന് ഖുല നിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്തി നോട്ടീസ് നൽകിയത്. ഇക്കാര്യത്തിൽ തർക്കമില്ലാതെ വിവാഹബന്ധം വേർപെടുത്തപ്പെട്ടെങ്കിലും, ഇസ്ലാമിക നിയമമനുസരിച്ച് താൻ വിവാഹ സമയത്ത് നൽകിയ മഹറും മുഴുവൻ സ്വർണാഭരണങ്ങളും പാരിതോഷികങ്ങളും തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഒറ്റപ്പാലം കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ
ഇസ്ലാമിക വ്യക്തിനിയമപ്രകാരം ഭർത്താവിന് തലാഖ് ചൊല്ലി ഭാര്യയെ വിവാഹബന്ധം വേർപെടുത്തുന്നതിന് തുല്യമായ അവകാശമാണ് ഇസ്ലാം സ്ത്രീക്ക് നൽകുന്ന ഖുല നിയമം. തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്ന ഭർത്താവ് നഷ്ടപരിഹാരം നൽകണമെന്നിരിക്കെ, മുസ്ലീം സ്ത്രീ ഖുല നിയമപ്രകാരം ഭർത്താവിനെ ബന്ധം വേർപെടുത്തിയാൽ ഭർത്താവിന് മഹറും പ്രതിഫലവും തിരികെ ലഭിക്കാൻ അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
വിധിപ്രകാരം ഭാര്യ ഭർത്താവിന് അഞ്ച് പവൻ വിവാഹപാരിതോഷികവും വിവാഹ സമയം നൽകിയ ആറുപവൻ ആഭരണങ്ങളും വിധി തീയതി മുതൽ 30 ദിവസത്തിനകം തിരിച്ചു നൽകാൻ കോടതി ഉത്തരവിട്ടു. വീഴ്ച വരുത്തുന്ന പക്ഷം ഭാര്യയുടെ സ്വത്തുവഹകളിൽ നിന്നും ആയത് കണ്ടുകെട്ടാമെന്നും ഉത്തരവിലുണ്ട്. അപൂർവവും അസാധാരണവുമായ ഈ കേസിൽ ഭാര്യയെയും ഭാര്യ മാതാവിനെയും എതിർകക്ഷികളാക്കിയാണ് ഹരജി ഫയൽ ചെയ്തത്.
ഹരജിക്കാരനായ ഭർത്താവിന് വേണ്ടി അഭിഭാഷകരായ അഡ്വ. ഷാഹുൽ ഹമീദ് പി.ടി., അഡ്വ. ഷംല ഹസ്സൻ, അഡ്വ. അഖിൽ കൃഷ്ണൻ, അഡ്വ. അൻസാർ സി.പി. എന്നിവർ ഹാജരായി. ഭർത്താക്കന്മാർക്ക് വളരെ അപൂർവമായി അനുകൂലമായി ലഭിക്കുന്ന ഈ വിധി കേരളത്തിലും ഇന്ത്യയിലും തന്നെ ആദ്യത്തേതാണെന്ന പ്രത്യേകതയുമുണ്ട്.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!