പാലക്കാട്: ഒരുപാട് തലമുറകളുടെ സ്വപ്നങ്ങൾക്ക് ആദ്യശ്വാസം പകർന്ന കൈകൾ ഇനി ഓർമ്മകളിൽ. ഒരുപാട് കുരുന്നുകൾ ആദ്യമായി ഈ ലോകം കണ്ടത് ആ കൈകളിലൂടെയായിരുന്നു. പ്രസവവേദനയുടെയും ആശങ്കകളുടെയും ആകുലതകളുടെയും നിമിഷങ്ങളിൽ ആശ്വാസവാക്കുകളുമായി, ചിരിക്കുന്ന മുഖത്തോടെ മുന്നിലെത്തിയ ഡോക്ടർ. അവരുടെ കൈകളിലൂടെ പിറവിയുടെ വെളിച്ചം കണ്ടവരുടെ മക്കളും പിന്നീട് അവരുടെ മക്കളും വരെ അതേ കരുതൽ തേടി എത്തി. തലമുറകൾക്ക് പിറവിയുടെ കാവലാളായിരുന്ന പ്രിയപ്പെട്ട ഗൈനക്കോളജിസ്റ്റ് ഡോ. എൽ.വി. മീനാക്ഷി (85) അന്തരിച്ചു.
സ്ത്രീകളുടെയും അമ്മമാരുടെയും ആരോഗ്യസംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ഡോക്ടർ, അരനൂറ്റാണ്ടോളം നീണ്ട ചികിത്സാജീവിതത്തിലൂടെ പാലക്കാടിന്റെ ആരോഗ്യരംഗത്ത് തന്റേതായ ഇടം നേടിയ വ്യക്തിത്വമായിരുന്നു. പാലക്കാട് മാധവിയമ്മ ആശുപത്രി ഉൾപ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങളിലായി 50 വർഷത്തോളം ഗൈനക്കോളജി വിദഗ്ധയായി സേവനമനുഷ്ഠിച്ചു.
ചികിത്സ കേവലം ഒരു തൊഴിൽ എന്നതിലുപരി സഹജീവികളോടുള്ള കരുതലിന്റെയും സമർപ്പണത്തിന്റെയും ഭാഗമാണെന്ന് സ്വന്തം പ്രവർത്തനങ്ങളിലൂടെ തെളിയിച്ച ഡോക്ടറായിരുന്നു അവർ. അനേകം സ്ത്രീകൾക്ക് ആരോഗ്യവും ആത്മവിശ്വാസവും പ്രതീക്ഷയും പകർന്നുനൽകി. രോഗികളോടുള്ള സ്നേഹപൂർവമായ ഇടപെടലും സേവനമനോഭാവവും അവരെ പല കുടുംബങ്ങളുടെയും ജീവിതത്തിലെ പ്രിയപ്പെട്ട ഡോക്ടറാക്കി മാറ്റി.
കുടുംബവും സംസ്കാരവും
പാലക്കാട് ശേഖരീപുരം പള്ളത്തെരുവ് രാജ് ഭവനിൽ റിട്ട. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പരേതനായ രാമകൃഷ്ണന്റെ ഭാര്യയാണ്. മക്കൾ: പരമേശ്വരൻ, വൈദ്യനാഥൻ (ബംഗളൂരു). മരുമക്കൾ: ശാന്തി, സുധ. പേരക്കുട്ടികൾ: ഐശ്വര്യ മീനാക്ഷി, അനഘ മീനാക്ഷി.
സംസ്കാരം നവംബർ 11 ബുധനാഴ്ച രാവിലെ 9 മണിക്ക് മാട്ടുമന്ത ശ്മശാനത്തിൽ നടക്കും.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!