പാലക്കാട്: നൂറാം ജന്മദിനം ആഘോഷിക്കുകയാണ് പാലക്കാടിന്റെ നിയമരംഗത്ത് തലമുറകൾക്ക് വഴികാട്ടിയായ മുതിർന്ന അഭിഭാഷകൻ അഡ്വ. പി.ബി. മേനോൻ. അദ്ദേഹത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിന്റെ അനുഭവസമ്പത്തും ഏഴു പതിറ്റാണ്ടിലേറെ നീണ്ട നിയമസേവനവും സ്വന്തമായ പി.ബി. മേനോന്റെ ജീവിതം സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും നിരന്തരമായ പഠനത്തിന്റെയും മാതൃകയാണ്. ലോകത്തെ ഏറ്റവും ദീർഘകാലം പ്രാക്ടീസ് ചെയ്ത അഭിഭാഷകൻ എന്ന ഗിന്നസ് റെക്കോർഡും പാലക്കാട്ടുകാരനായ പി.ബി. മേനോന്റെ പേരിലാണ്.

1001458217.jpg

പാച്ചുവീട്ടിൽ ബാലസുബ്രഹ്മണ്യ മേനോൻ എന്ന പി.ബി. മേനോൻ 1926 ഒക്ടോബർ 15-ന് പാലക്കാട് ജില്ലയിലെ പല്ലശ്ശനയിൽ കോമൻ നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പാലക്കാട് മുനിസിപ്പൽ (പി.എം.ജി) ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ഗവൺമെന്റ് വിക്ടോറിയ കോളജിൽ പഠിച്ച് 1947-ൽ ബിരുദം നേടി. തുടർന്ന് മദ്രാസ് ലോ കോളജിൽനിന്ന് നിയമബിരുദം കരസ്ഥമാക്കി.

നിയമസപര്യയുടെ തുടക്കം

1001458285.jpg

1950 ജൂലൈ 18-നാണ് പി.ബി. മേനോൻ പാലക്കാട്ട് സ്വന്തം അഭിഭാഷകവൃത്തി ആരംഭിച്ചത്. തുടക്കത്തിൽ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചെങ്കിലും പിന്നീട് സിവിൽ കേസുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. കൊച്ചിയിലെ സബ് കോടതിയിൽ ഒരു ക്രിമിനൽ കേസ് വാദിച്ചശേഷം, സിവിൽ കേസുകളാണ് തനിക്ക് കൂടുതൽ അനുയോജ്യമെന്ന് ഒരു മുതിർന്ന ജഡ്ജി നിർദേശിച്ചതാണ് ഈ മാറ്റത്തിന് വഴിത്തിരിവായത്. പിന്നീട് സിവിൽ കേസുകളിൽ മികവ് തെളിയിച്ച അദ്ദേഹം, ഓരോ കേസിനെയും ഒരുപോലെ പ്രാധാന്യത്തോടെ സമീപിക്കുന്ന അഭിഭാഷകനെന്ന നിലയിൽ ശ്രദ്ധ നേടി.

ഗിന്നസ് റെക്കോർഡ് നേട്ടം

73 വർഷവും 60 ദിവസവും അഭിഭാഷകനായി പ്രവർത്തിച്ച നേട്ടത്തിന് 2023 സെപ്റ്റംബർ 11-ന് പി.ബി. മേനോന്റെ പേര് ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥിരീകരിക്കപ്പെട്ടു. പുരുഷന്മാരിൽ ഏറ്റവും ദീർഘകാലം അഭിഭാഷകവൃത്തി നടത്തിയ വ്യക്തി എന്ന റെക്കോർഡാണ് അദ്ദേഹത്തിന് ലഭിച്ചത്. നിയമരംഗത്തെ നിരന്തരമായ പഠനവും അനുഭവസമ്പത്തും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയുടെ പ്രത്യേകതകളാണ്.

1001458286.jpg

പി.ബി. മേനോന്റെ ദീർഘകാലത്തെ നിയമസേവനത്തെയും സമർപ്പണത്തെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിറന്നാൾ ആശംസകൾ നേർന്ന് സന്ദേശം അയച്ചു. സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനായി പി.ബി. മേനോൻ നടത്തുന്ന സേവനം ആദരവ് അർഹിക്കുന്നതാണെന്നും നൂറാം വയസ്സിലും അഭിഭാഷകവൃത്തി തുടരുന്നത് അദ്ദേഹത്തിന്റെ കർമനിരതയുടെയും സമർപ്പണത്തിന്റെയും തെളിവാണെന്നും പ്രധാനമന്ത്രി ആശംസാസന്ദേശത്തിൽ ചൂണ്ടിക്കാട്ടി.