പാലക്കാട് :  മദ്യനയത്തെക്കുറിച്ച് മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങുകയും അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി വി ഡി സതീശൻ നിലപാടുകളുടെ രാജകുമാരനല്ല അവസരവാദങ്ങളുടെ ചക്രവർത്തിയായി മാറിയെന്ന് മുൻ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പരിഹസിച്ചു. 

മുഖ്യമന്ത്രി നിയമസഭാ സബ്ജെക്ട് കമ്മറ്റിയിൽ പറഞ്ഞതായി ആരോപിക്കുന്ന സംസ്ഥാനത്തെ ഡ്രൈ ഡേ എടുത്തു കളയണം, പ്രത്യേക ഇവന്റുകൾക്ക് മദ്യം വിളമ്പാനുള്ള ഫീസ് എടുത്തു കളയണം എന്നീ പ്രതികരണങ്ങളോടുള്ള അഭിപ്രായം പറയുകയായിരുന്നു എം ബി രാജേഷ്. മുൻ സർക്കാറിന്റെ കാലത്ത് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ ഡ്രൈഡേ എടുത്തുകളയണം എന്ന ആവശ്യം ഉന്നയിച്ചതിനെതിരെ അടിയന്തരപ്രമേയം അവതരിപ്പിക്കുകയും അഴിമതി ആരോപിക്കുകയും ചെയ്തവരാണ് ഇപ്പോൾ അതെല്ലാം വിഴുങ്ങിയിരിക്കുന്നത്. ഓന്ത് നിറം മാറുന്നതിലും വേഗത്തിലാണ് മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും നിറം മാറിയത്. എൽഡിഎഫ് നാട്ടിൽ മദ്യം ഒഴുക്കുന്നു എന്നാരോപിച്ച കെസിബിസിയുടെ നിലപാട് ഇപ്പോൾ എന്താണ്. വി എം സുധീരന്റെ അഭിപ്രായമെന്താണ് എം ബി രാജേഷ് ചോദിച്ചു. 

സംസ്ഥാനത്തെ മന്ത്രിസഭയിൽ എല്ലാറ്റിലും തർക്കമാണ്. ഇത് കാരണം കേരളത്തിൽ ഭരണ സ്തംഭനമാണ്. അതുകൊണ്ടാണ് കഴിഞ്ഞ ആറുമാസമായിട്ടും സംസ്ഥാന സർക്കാറിന്റെ മദ്യനയം വരാത്തത്. പരസ്പര വിശ്വാസമില്ലാത്ത സംഘമായി മന്ത്രിസഭ മാറി. 

സർക്കാറോ എക്സൈസ് മന്ത്രിയോ അറിയാതെ അഞ്ച് ബാർ ലൈസൻസുകൾ അനുവദിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത എക്സൈസ് മന്ത്രി എന്തുകൊണ്ടാണ് ആ ഉദ്യോഗസ്ഥർ അനുവദിച്ച ലൈസൻസുകൾ റദ്ദാക്കാത്തത്. ഇത്തരത്തിൽ അനുവധിച്ച അഞ്ച് ലൈസൻസുകളും എറണാകുളത്താണെന്ന് എടുത്ത് പറഞ്ഞ എം ബി രാജേഷ് ആരാണ് മന്ത്രിക്ക് കൂച്ച് വിലങ്ങിട്ടിരിക്കുന്നതെന്ന് ചോദിച്ചു. ഇവർക്ക് ലൈസൻസ് അനുവദിക്കുന്നതിന് വേണ്ടിയാണ് സർക്കാർ അറിയാതെ ബാർ ലൈസൻസ് അനുവദിക്കരുത് എന്ന ഉത്തരവ് വൈകിപ്പിച്ചത്. നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ച യുവാവ് വാഹനാപകടം ഉണ്ടാക്കിയതിനെ തുടർന്ന് ചില ബാറുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് എക്സൈസ് മന്ത്രി പറഞ്ഞിരുന്നു. ഒന്നും നടന്നില്ല. വാർത്തയുടെ തലക്കെട്ടുകൾക്ക് വേണ്ടി മാത്രമുള്ള പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. വലിയ കാപട്യമാണിത്. മന്ത്രിക്ക് മുകളിൽ വലിയ പവർ ഗ്രൂപ്പാണ് നിയന്ത്രണം എന്നും എം ബി രാജേഷ് പറഞ്ഞു. 

തൂഫാനിൽ എക്സൈസിന് എന്ത് റോളാണുള്ളത്. എൽഡിഎഫ് സർക്കാർ പോലീസ് എക്സൈസ് വകുപ്പുകളെ യോജിപ്പിച്ച് പ്രവർത്തിപ്പിച്ചപ്പോൾ ഇവിടെ എക്സൈസിനെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. തൂഫാൻ വെറും പി ആർ പ്രവർത്തിയായി മാറി. ഞാനൊന്നും അറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല എന്നതാണ് ഇപ്പോഴത്തെ മന്ത്രിസഭയുടെ ടാഗ് ലൈൻ എന്നും എം ബി രാജേഷ് പരിഹസിച്ചു. എന്തെങ്കിലും പ്രധാന കാര്യങ്ങളെക്കുറിച്ച് ചോദിച്ചാൽ മന്ത്രിമാർ ഒന്നും അറിഞ്ഞില്ല എന്ന് പറയുന്ന സാഹചര്യത്തിൽ ആയിരുന്നു പരിഹാസം. അതേസമയം സംസ്ഥാനത്ത് എല്ലാമറിയുന്ന രണ്ട് പേരിൽ ഒരാൾ മുഖ്യമന്ത്രി വി ഡി സതീശനും രണ്ടാമത്തെയാൾ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരനും ആണെന്നും പറഞ്ഞു. കേരളത്തിലെ യുഡിഎഫ് ഭരണത്തെക്കുറിച്ച് ബിജെപിക്കാർ കരുതുന്നത് അവരുടെ ഭരണമാണെന്നും കോൺഗ്രസിലെ ചിലർ കരുതുന്നത് അവരുടെ ഭരണമാണെന്നും പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ അഴിമതിക്കഥകൾ പുറത്തുവന്നിട്ടും മാധ്യമങ്ങൾ പ്രതികരിക്കാത്തതിന് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ചും എം ബി രാജേഷ് വിമർശനമുന്നയിച്ചു