പാലക്കാട്: മുതലമട സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലിരുന്ന് നേതാക്കൾ മദ്യപിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറി ബ്രിജേഷ് ഉൾപ്പെടെ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരാണ് നടപടി നേരിട്ട മറ്റ് രണ്ടുപേർ. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷനാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിൽ പാർട്ടി ഓഫീസിലിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പാർട്ടി ഓഫീസിനുള്ളിൽ നടന്ന മദ്യപാനം പ്രവർത്തകർ ചോദ്യം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
മദ്യപാനത്തെ ചോദ്യം ചെയ്യാനെത്തിയ പ്രവർത്തകരെ ലോക്കൽ സെക്രട്ടറി പിടിച്ചുതള്ളുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തന്റെ സ്വകാര്യ മുറിയാണെന്നും അവിടെയിരുന്ന് എന്തും ചെയ്യാമെന്നുമായിരുന്നു ബ്രിജേഷിന്റെ മറുപടിയെന്ന് റിപ്പോർട്ട് വരുന്നുണ്ട്.
സംഭവത്തിൽ ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്.
പാലക്കാട് ജില്ലാ സെക്രട്ടറിയായി വി. ചെന്താമരാക്ഷൻ ചുമതലയേറ്റതിന് പിന്നാലെ ജില്ലയിലെ പാർട്ടി സംഘടനാ വിഷയങ്ങൾ ശ്രദ്ധ നേടുന്നതിനിടെയാണ് മുതലമടയിലെ സംഭവം പുതിയ വിവാദമായത്.
#drinkparty #CPIM #suspension #LivePalakkad
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!