ദേവരഥങ്ങളുടെ വരവറിയിച്ച് കൽപ്പാത്തിയുടെ ആകാശത്ത് കൊടിയേറി. രഥോത്സവത്തിലെ പ്രധാന ക്ഷേത്രമായ വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ രാവിലെ ആറു മുതൽ യാഗശാല പൂജകളോടെ ചടങ്ങുകൾ ആരംഭിച്ചു. എട്ടിന് വേദപാരായണം, രുദ്രാഭിഷേകം എന്നിവയ്ക്ക് ശേഷം 10 മണിയോടെ സ്വാമി പുറപ്പാട് നടന്നു. 11 45 ഓടെ ആയിരുന്നു നാട് കാത്തിരുന്ന കൊടിയേറ്റ് നടന്നത്.

പ്രധാന ക്ഷേത്രത്തിനു മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് വിശ്വാസികൾ ഹര ഹര മഹാദേവ മന്ത്രം മുഴക്കവേ ക്ഷേത്രം തന്ത്രി രത്നസഭാപതി,
പ്രഭുദേവസേനാപതി എന്നിവരുടെ നേതൃത്വത്തിൽ പൂജകൾക്കും കർപ്പൂര ആരതിക്കും ശേഷം രഥോത്സവത്തിന്റെ ധ്വജാരോഹണം നടന്നു. നന്ദികേശന്റെ ചിത്രം ആലേഖനം ചെയ്ത കൊടി കൽപ്പാത്തിയുടെ വീഥികൾക്ക് മുകളിൽ ഉയർന്നു പാറി.വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം കൈകൂപ്പി. രഥോത്സവത്തിൽ പങ്കാളികളായ പുതിയ കൽപ്പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലും പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും കൊടിയേറ്റം നടന്നു. രാവിലെ 9 30 മുതൽ 11 45 വരെയുള്ള സമയത്തായിരുന്നു ക്ഷേത്രങ്ങളിൽ കോടിയേറ്റ് നടന്നത്. ഇന്നുമുതൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.
രഥോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ദേവസംഗമം നടക്കുന്ന അഞ്ചാം തിരുനാൾ പന്ത്രണ്ടാം തീയതി അർദ്ധരാത്രി നടക്കും.
നവംബർ 14ന് ഒന്നാം തേര് ദിനത്തിൽ കൽപ്പാത്തിയിലെ പ്രധാന ക്ഷേത്രമായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആദ്യദിനത്തിലെ രഥ പ്രയാണത്തിന് തുടക്കമാവും. 16നാണ് ദേവരഥ സംഗമം
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!