പാലക്കാട്: എസ്.ഐ.ആർ വിഷയത്തിൽ ആദ്യം രാജിവെക്കേണ്ടത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പാലക്കാട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അതിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്ന് കൃഷ്ണദാസ് വ്യക്തമാക്കി. ഒരു വാദത്തിനുവേണ്ടി എസ്.ഐ.ആർ തെറ്റാണെന്ന് അംഗീകരിക്കുകയാണെങ്കിൽ, എസ്.ഐ.ആറിലൂടെ വോട്ട് ചെയ്ത് പ്രധാനമന്ത്രിയെ ജയിപ്പിച്ച അതേ ജനങ്ങൾ തന്നെയല്ലേ പ്രതിപക്ഷ നേതാവിനെയും ജയിപ്പിച്ചത്. അപ്പോൾ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പും തെറ്റല്ലേ? അതുകൊണ്ട് ഗ്യാനേഷ് കുമാറിന്റെ രാജിക്ക് മുൻപ് രാഹുലാണ് രാജിവെക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ ഉള്ളതുകൊണ്ടാണ് യു.ഡി.എഫ് ജയിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സി.പി.എമ്മിന്റെ കള്ളവോട്ട് ചേർക്കൽ തടഞ്ഞത് എസ്.ഐ.ആർ ആണെന്നായിരുന്നു ചെന്നിത്തലയുടെ വാദം. അപ്പോൾ എസ്.ഐ.ആർ തെറ്റാണെന്ന് വാദിക്കുന്ന രാഹുൽ ഗാന്ധി, കേരളത്തിൽ തങ്ങളുടെ മുന്നണിയെ തിരഞ്ഞെടുത്ത രീതിയും തെറ്റാണെന്ന് പറയുകയും രാജിവെക്കാൻ തയ്യാറാവുകയും വേണ്ടേ എന്നും കൃഷ്ണദാസ് പരിഹസിച്ചു.

രാജ്യത്ത് എസ്.ഐ.ആറിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റവരുടെ കൂട്ടായ്മ മാത്രമാണെന്നും പി.കെ. കൃഷ്ണദാസ് കുറ്റപ്പെടുത്തി.