പാലക്കാട്: കാരണം ഉണ്ടാവാതെ മാറ്റം ഉണ്ടാവില്ലല്ലോ എന്ന പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് എന്തെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോടാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അദ്ദേഹം തയ്യാറായില്ല.
പാലക്കാട് മാധ്യമങ്ങളെ കണ്ട എം.വി. ഗോവിന്ദൻ സുരേഷ് ബാബു വിഷയത്തിലും പ്രതികരിച്ചു. വിപുലീകൃത ജില്ലാ കമ്മിറ്റികൾ നടക്കുന്നത് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്നും തിരുത്താനുള്ള കാര്യങ്ങളെല്ലാം തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സുരേഷ് ബാബുവിന്റെ കാര്യം ഇതുമായി കൂട്ടി വായിക്കേണ്ടതില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടിക്ക് സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും ആവർത്തിച്ചു.
കൂടുതൽ നടപടികൾക്ക് സാധ്യത
തുടർന്ന് പത്രപ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോഴാണ് എന്തെങ്കിലും കാരണമില്ലാതെ നടപടി ഉണ്ടാവില്ലല്ലോ എന്ന പ്രതികരണവുമായി അദ്ദേഹം നടന്നു നീങ്ങിയത്. സുരേഷ് ബാബുവിനെതിരെ പരാതി ഇല്ല എന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും, അദ്ദേഹത്തിനെതിരെ കൂടുതൽ നടപടി ഉണ്ടാകും എന്ന സൂചനകളാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്.
അടുത്ത് ചേരാൻ ഇരിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയേക്കും. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ പോലീസിൽ പരാതിയുമായി മുന്നോട്ട് പോകും എന്നാണ് പരാതിക്കാരി സിപിഎമ്മിനെ അറിയിച്ചിരിക്കുന്നത്.
മാറിയ സാഹചര്യത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് പാർട്ടിയെ നവീകരിക്കുന്ന നടപടിയാണ് നടക്കുന്നതെന്ന് മുൻ എം.പി. എൻ. കൃഷ്ണദാസ് പ്രതികരിച്ചു. എന്നാൽ സുരേഷ് ബാബുവിനെതിരെ എന്തെങ്കിലും പരാതി ലഭിച്ചതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!