പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എസ് ബി രാജു രാജിവെച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രാജി പ്രഖ്യാപനം അറിയിച്ചത്.
രാജിവെക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതുതായി ചുമതലയെടുക്കാൻ വരുന്ന സഖാവിന് പോസ്റ്റിലൂടെ ആശംസകൾ നേരുന്നുണ്ട്.
ഇത്തവണത്തെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽനിന്ന് രാജിവെച്ച് ഒഴിയുന്ന രണ്ടാമത്തെ പ്രസിഡന്റാണ് എസ് ബി രാജു. ആദ്യ പ്രസിഡൻറ് ടി എം ശശി എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി രാജി വെച്ചിരുന്നു. ഈ ഒഴിവിലേക്കായിരുന്നു എസ് ബി രാജുവിനെ പാർട്ടി നിയോഗിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പല്ലശ്ശന ഡിവിഷനിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ഉപ തിരഞ്ഞെടുപ്പിലൂടെ വിജയിച്ചു വന്ന വി പൊന്നുകുട്ടൻ പുതിയ പ്രസിഡൻറ് ആവും എന്നാണ് സൂചനകൾ. എസ് ബി രാജു പുതുശ്ശേരിയിൽ നിന്നുള്ള ഏരിയ കമ്മിറ്റി അംഗമാണ്. പാർട്ടി നിർദ്ദേശപ്രകാരമാണ് രാജി എന്നാണ് സൂചന.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അപ്രതീക്ഷിതമായ രാജി പാലക്കാട്ടെ രാഷ്ട്രീയ കേന്ദ്രങ്ങളെ പെട്ടെന്ന് ഞെട്ടിച്ചു. ജില്ലാ പഞ്ചായത്തിൽ ഒരു മാറ്റം ആരും പ്രതീക്ഷിക്കാതിരിക്കുന്ന സമയത്തായിരുന്നു തീരുമാനം. പാർട്ടിയിലെ പടലപിണക്കങ്ങൾ ആയിരുന്നോ രാജിക്ക് പിന്നിൽ എന്നാണ് ആദ്യം ഉയർന്ന ചിന്ത. പ്രത്യേകിച്ച് പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്ന ഈ സുരേഷ് ബാബു വിഷയം ഉൾപ്പെടെ കത്തി നിൽക്കുന്ന സാഹചര്യത്തിൽ. കൂടുതൽ വിശദാംശങ്ങൾ ഒന്നും ലഭിച്ചില്ല എങ്കിലും പാർട്ടി തീരുമാനപ്രകാരമാണ് രാജി എന്നതാണ് വ്യക്തമാകുന്നത്. നിയുക്ത പ്രസിഡൻറ് വി പൊന്നു കുട്ടൻ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. എന്നാൽ നിലവിലെ പ്രസിഡണ്ട് എസ് ബി രാജു പുതുശ്ശേരി ഏരിയ കമ്മിറ്റി മെമ്പറും. പാർട്ടിയിലെ ഒരു ഉന്നത പദവിയിലുള്ള ആൾ രംഗത്തുള്ളപ്പോൾ എസ് പി രാജു ആ സ്ഥാനത്ത് തുടരുന്നത് ശരിയാവില്ല എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകിയ സൂചന. ഇതിൻറെ പേരിലായിരുന്നു രാജി ആവശ്യപ്പെട്ടത്. ഇത് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനയാണ്. ഇതിന് പിന്നിൽ പാർട്ടിയിലെ തർക്കങ്ങളോ വിഭാഗീയതയോ ഉണ്ടോ എന്ന കാര്യം അടുത്ത ദിവസങ്ങളിൽ വ്യക്തമാവും. എന്തായാലും രാജിവെച്ച് ഒഴിയുന്ന പ്രസിഡൻറ് ആരെയും കുറ്റപ്പെടുത്തുന്നില്ല. പകരം തനിക്ക് തന്ന പിന്തുണയ്ക്കും തനിക്ക് ചെയ്യാൻ കഴിഞ്ഞ കാര്യങ്ങളും വിശദമാക്കുകയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ.
എസ് ബി രാജുവിന്റെ ഫേസ്ബുക്ക് കുറുപ്പിൽ നിന്ന്:
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഉത്തരവാദിത്വത്തില്‍നിന്ന് ഇന്ന് ഒഴിവാകുകയാണ്. രാജു ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
അധികാരവും പദവിയും ജനസേവനത്തിനുള്ള ഉത്തരവാദിത്വമാണെന്ന വിശ്വാസത്തോടെയാണ് ഈ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതെന്ന് രാജു പറഞ്ഞു. കാലയളവ് ചെറുതായിരുന്നെങ്കിലും സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി,ദുര്‍ബല ജനവിഭാഗങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹകരണവും നല്‍കിയ എന്റെ പാര്‍ട്ടിക്കും മുന്നണിക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ-സാമൂഹിക- മാധ്യമ രംഗത്തെ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ഈ സ്ഥാനത്തിരിക്കുമ്പോള്‍ ലഭിച്ച അനുഭവങ്ങളും അംഗീകാരവും ജനങ്ങള്‍ നല്‍കിയ സ്‌നേഹവും വിശ്വാസവും അമൂല്യമായി കരുതുന്നു.
പദവികള്‍ക്ക് കാലാവധിയുണ്ട്; ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന് കാലാവധിയില്ല.
പ്രസിഡന്റ് പദവിയില്‍നിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങള്‍ക്കിടയിലും അവരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പവും പൊതുപ്രവര്‍ത്തനത്തിന്റെ വഴിയിലും തുടര്‍ന്നും ഉണ്ടാകും.
പുതിയ ഉത്തരവാദിത്വത്തിലേക്ക് വരുന്ന സഖാവിന് എല്ലാ സഹായവും നല്‍കി ഒപ്പം ഉണ്ടാവും.
എല്ലാവരോടും സ്‌നേഹവും നന്ദിയും മാത്രം. എന്നാണ് കുറിപ്പ് . സി.ഐടിയു സംസ്ഥാനകമ്മിറ്റിയംഗമാണ് എസ്.ബി രാജു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!