മംഗലംഡാം: കുഞ്ചിയാർപതിയിൽ തോട്ടം തൊഴിലാളിയായ ആദിവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുഞ്ചിയാർപതി രാമസ്വാമി (53) ആണ് മരിച്ചത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ഒലിപ്പാറ കൽചാടി രുഗ്മണി (26) നെ മംഗലംഡാം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മംഗലംഡാം കടപ്പാറ പോത്തൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. രാമസ്വാമിയും രുഗ്മണിയും കഴിഞ്ഞ ഒരു വർഷത്തോളമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവരും മുൻപ് വേറെ വിവാഹം കഴിച്ചവരാണ്. ആദിവാസി വിഭാഗത്തിൽപ്പെട്ട ഇരുവരും കഴിഞ്ഞ മൂന്ന് മാസത്തോളമായി ഈ തോട്ടത്തിലെ വീട്ടിൽ താമസിച്ച് പണിയെടുത്തു വരികയായിരുന്നു.
കൊലപാതകം മദ്യപാനത്തിനിടയിലെ തർക്കത്തിനൊടുവിൽ
ചൊവ്വാഴ്ച രാത്രി രാമസ്വാമിയും രുഗ്മണിയും തമ്മിൽ മദ്യപാനത്തിനിടയിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെ രുഗ്മണി ചുറ്റിക കൊണ്ട് രാമസ്വാമിയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രുഗ്മണി തന്നെയാണ് സമീപത്തെ തോട്ടത്തിലെ തൊഴിലാളികളോട് വിവരം പറഞ്ഞത്.
വിവരമറിഞ്ഞ് മംഗലംഡാം പൊലീസ് സ്ഥലത്തെത്തി രുഗ്മണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. താനാണ് കൊലപാതകം നടത്തിയതെന്ന് രുഗ്മണി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാമസ്വാമിയുടെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആലത്തൂർ ഡി.വൈ.എസ്.പി വി.എസ്. ദിനരാജ്, വടക്കഞ്ചേരി സി.ഐ ടി.എൻ. ഉണ്ണികൃഷ്ണൻ, മംഗലംഡാം എസ്.ഐമാരായ സാം ജോർജ്, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക്ക് സംഘം എന്നിവരും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!