പാലക്കാട്: വടകരപതിയിൽ ഇന്നലെ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മണർകാട് ജോൺ കുമാർ - നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് വീട്ടിലെ കുളിമുറിയിലെ സിമന്റ് തൊട്ടിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

1001434440.jpg

സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിച്ചതോടെയാണ് പോലീസ് അമ്മ നിവേദ്യയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഇവർ മക്കളെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് പോലീസിനോട് സമ്മതിക്കുകയായിരുന്നു. തന്റെ സ്വതന്ത്രമായ ജീവിതത്തിന് കുട്ടികൾ തടസ്സമായതോടെയാണ് കൊലപാതകം നടത്തിയെന്നാണ് നിവേദ്യ പോലീസിന് നൽകിയ മൊഴി.

സ്വപ്നങ്ങളും തർക്കങ്ങളും

ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുക, മോഡലിങ്ങിന് തയ്യാറാവുക തുടങ്ങിയ വിവിധ ആഗ്രഹങ്ങൾ നിവേദ്യയ്ക്ക് ഉണ്ടായിരുന്നത്രേ. എന്നാൽ തികഞ്ഞ മദ്യപാനിയായ ഭർത്താവ് ജോൺ കുമാർ ഇവരെ ജോലിക്ക് പോകുന്നതിൽ നിന്നും മറ്റും വിലക്കിയിരുന്നതായി അറിയുന്നു. കുഞ്ഞുങ്ങളെ അപകടപ്പെടുത്തുന്നതിന്റെ തലേദിവസവും ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

നിവേദ്യ കുഞ്ഞുങ്ങളെ കൃത്യമായി ശ്രദ്ധിക്കാറില്ലെന്നും ഏതുനേരവും ഫോണിലാണെന്നും വലിയ പരാതികൾ പരിസരവാസികൾ ഉന്നയിക്കുന്നുണ്ട്. ഇത്രയും ചെറിയ സിമന്റ് തൊട്ടിയിൽ അഞ്ചുവയസ്സുകാരി മുങ്ങിമരിക്കുമോ എന്ന സംശയമാണ് ആദ്യമുണ്ടായത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ കസ്റ്റഡി ചോദ്യം ചെയ്യലിൽ കൊലപാതകവിവരം പുറത്തുവരികയുമായിരുന്നു.