ഭീകരവാദവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്ത്  അറസ്റ്റിലായ യുവാവിന് കുപ്രസിദ്ധ ക്രിമിനൽ / അധോലോക  സംഘമായ
ലോറൻസ് ബിഷ്‌ണോയ് ഗ്രൂപ്പുമായി ബന്ധം; ഗുരുമൂർത്തിയെ ഒറ്റപ്പാലത്ത് തെളിവെടുപ്പിനെത്തിച്ചു

അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി യുഎപിഎ കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി ഗുരുമൂർത്തിയെ ഒറ്റപ്പാലത്ത് തെളിവെടുപ്പിനെത്തിച്ചു. ഇയാൾ കഴിഞ്ഞ ഏഴ് മാസമായി ജോലി ചെയ്തിരുന്ന ഒറ്റപ്പാലം തൃക്കങ്ങോട്ടെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലും തൊട്ടടുത്ത് ഇയാൾ താമസിച്ചിരുന്ന മുറിയിലും എത്തിച്ചാണ്  പൊലീസ് തെളിവെടുപ്പ് നടത്തിയത്.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് തൃശൂർ സിറ്റി പൊലീസ് ഗുരുമൂർത്തിയെ തൃക്കങ്ങോട്ടുനിന്ന് പിടികൂടിയത്. തുടർന്ന് വിയൂരിലെ അതീവ സുരക്ഷാ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തുന്നത്. തമിഴ്നാട് സ്വദേശിയാണെങ്കിലും ഇയാൾക്ക് മുംബൈയുമായി നല്ല ബന്ധങ്ങൾ ആണുള്ളത്. ഈ വഴിക്കാണു ബിഷ്ണോയ് സംഘവുമായി ബന്ധം സ്ഥാപിച്ചത്.

ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ബിഷ്‌ണോയ് സംഘത്തിനുവേണ്ടി മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ ഗുരുമൂർത്തി പകർത്തി നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രമുഖർ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളാണ് ഇയാൾ കൈമാറിയതെന്നാണ് വിവരം.

ഇതിന് പ്രതിഫലമായി യുഎസ് ഡോളറിൽ പണം കൈപ്പറ്റുകയും ഉറ്റബന്ധുവിന്റെ അക്കൗണ്ട് വഴി ഇന്ത്യൻ രൂപയിലേക്ക് മാറ്റുകയും ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തമിഴ്നാട്ടിലും നവി മുംബൈയിലുമടക്കം ഗുരുമൂർത്തിയുടെ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഇയാൾ ഏതെങ്കിലും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇയാളെ ഉദുമൽപേട്ടിലെ വീട്ടിലെത്തിച്ചു പൊലീസ് തെളിവെടുത്തു.