കൊഴിഞ്ഞാമ്പാറ: കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ പരിധിയിലെ ചള്ളപ്പാതയിൽ അനധികൃതമായി ഓൺലൈൻ വഴി കേരള ലോട്ടറി വിൽപ്പന നടത്തിയ ആറുപേരെ പോലീസ് പിടികൂടി. ഇന്നലെ പോലീസ് നടത്തിയ പരിശോധനയിലാണ് ആവശ്യമായ ലൈസൻസോ അധികാരപത്രമോ ഇല്ലാതെ കച്ചവടം നടത്തിവന്ന സംഘം പിടിയിലായത്.

പളനിയർപ്പാളയം സ്വദേശി കൃഷ്ണവേൽ (37), നാട്ടുകൽ സ്വദേശിനി പ്രീത (49), മീനാക്ഷിപുരം സ്വദേശിനി അമരാവതി (30), കൊഴിഞ്ഞാമ്പാറ ദിവൻസംപുത്തൂർ സ്വദേശിനി ഹേമലത സെൽവരാജ് (23), ഗോപാലപുരം സ്വദേശി ജയകുമാർ (34), ദിവൻസംപുത്തൂർ സ്വദേശി തമിഴ് സെൽവൻ (28) എന്നിവരെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്.

ലോട്ടറി ടിക്കറ്റുകളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും, വാട്ട്സ്ആപ്പ് വഴി ആളുകൾക്ക് അയച്ചുനൽകി അസ്സൽ ടിക്കറ്റുകൾ നൽകാതെ വിൽപ്പന നടത്തുകയുമായിരുന്നു ഇവരുടെ രീതി. ഇതിനായി പണം സ്വീകരിച്ചിരുന്നതും ഓൺലൈൻ വഴിയാണ്.

പ്രതികളിൽ നിന്ന് ഓൺലൈൻ ലോട്ടറി വിൽപ്പനയ്ക്കായി ഉപയോഗിച്ച ഒൻപത് മൊബൈൽ ഫോണുകളും, ആറ് ടിക്കറ്റുകൾ വീതമുള്ള നാല് സെറ്റ് ലോട്ടറി ടിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.