പാലക്കാട് രാ ജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഒറ്റപ്പാലത്ത് 27കാരൻ അറസ്റ്റിലായി. മനിശ്ശേരി തൃക്കങ്ങോട് സെന്ററിലെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയെയാണ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

1001524940.jpg

 

മിൽമ സപ്ലൈ ലോറിയിൽ ലോഡ് കയറ്റുന്ന ജോലിയായിരുന്നു ഇയാൾ ചെയ്തിരുന്നത്. നാലുമാസം മുമ്പാണ് സ്ഥാപനത്തിൽ ജോലിക്ക് എത്തിയത്. മിൽമ ബൂത്തിന് സമീപമുള്ള മുറിയിലായിരുന്നു താമസം. ഇയാളുടെ വിലാസം മുംബൈയിലാണെന്നാണ് ലഭിക്കുന്ന വിവരം.

 

നവംബർ 12ന് പുലർച്ചെ ഒരു മണിയോടെയാണ് അസിസ്റ്റന്റ് കമ്മീഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

രാജ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയെന്നും ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം. ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യുകയോ അതിനായി ഗൂഢാലോചന നടത്തുകയോ സഹായിക്കുകയോ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന യുഎപിഎ നിയമത്തിലെ 18-ാം വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

1001524973.jpg

സംഭവവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് കമ്മീഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മനിശ്ശേരിയിലെത്തി അന്വേഷണം നടത്തി. യുവാവ് താമസിച്ചിരുന്ന മുറിയിലുൾപ്പെടെ പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു.

 

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുവാവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.