പാലക്കാട്: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും തട്ടിപ്പുകാർക്കായി അക്കൗണ്ടുകൾ നൽകിയവരെ കണ്ടെത്തുന്നതിനുമായി കേരള സംസ്ഥാനത്തുടനീളം നടത്തുന്ന ഓപ്പറേഷൻ 'CY HUNT' ന്റെ ഭാഗമായി പാലക്കാട് ജില്ലയിലും വ്യാപക റെയ്ഡ് നടത്തി. ഓപ്പറേഷൻ 'CY HUNT 5.0' എന്ന പേരിൽ നടത്തിയ റെയ്‌ഡുകളിൽ 28 കേസുകൾ രജിസ്റ്റർ ചെയ്യുകയും 29 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ 18 മൊബൈൽ ഫോണുകളും 20 ബാങ്ക് രേഖകളും പോലീസ് പിടിച്ചെടുത്തു.

സാധാരണക്കാരെയും സ്ത്രീകളെയും സമീപിച്ച് ചെറിയ തുക കമ്മീഷൻ വാഗ്ദാനം ചെയ്ത്, സൈബർ തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS-ന്റെ നേതൃത്വത്തിലും, DCRB DySP വിശ്വംഭരൻ എം.-ന്റെ നിർദ്ദേശത്തിലുമാണ് റെയ്‌ഡുകൾ നടന്നത്. 11-11-2026-ൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിലായി അതീവ രഹസ്യമായി 131 റെയ്‌ഡുകളാണ് സംഘടിപ്പിച്ചത്. പാലക്കാട് സൈബർ ക്രൈം പോലീസ് സ്റ്റേഷനാണ് ഓപ്പറേഷന്റെ കണ്ട്രോൾ റൂം ആയി പ്രവർത്തിച്ചത്.

തട്ടിപ്പുപണം സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ സ്വീകരിക്കുകയും, എ.ടി.എം, ചെക്കുകൾ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്തി അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരെയുമാണ് പിടികൂടിയത്. ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടുകളിൽ പണം എത്തിച്ചേർന്നവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

സംഘടിതമായി നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ കേസുകളുള്ളവരെ അതത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യും. സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക നേട്ടത്തിനായി മറ്റുള്ളവർക്ക് കൈമാറുന്നത് ഗൗരവമേറിയ ക്രിമിനൽ കുറ്റമാണെന്നും, ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ചൈത്ര തെരേസ ജോൺ IPS അറിയിച്ചു.

സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിലോ cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും പോലീസ് വ്യക്തമാക്കി.