പാലക്കാട്: പട്ടാമ്പി വിളയൂരിൽ NIA റെയ്ഡിൽ ഒരാൾ പിടിയിൽ. വിളയൂർ എടപ്പലത്ത് നിന്നുമാണ് അസം സ്വദേശിയെ പിടികൂടിയത്. ഭീകരവാദ സംഘടനയിലേക്ക് ആളെ ചേർക്കുന്നതായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായാണ് NIA സംഘം എത്തിയത്.
കേരളം, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ 16 ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ് നടന്നത്. കേരളത്തിൽ പട്ടാമ്പി വിളയൂരിലാണ് പുലർച്ചെ NIA സംഘം എത്തിയത്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെ കുറിച്ചും റിക്രൂട്ട്മെൻ്റുകളെകുറിച്ചുമുള്ള അന്വേഷണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായിട്ടാണ് വിളയൂരിലും പരിശോധന നടത്തിയത്. എടപ്പലത്തെ വാടക വീട്ടിൽ നിന്നുമാണ് NIA അസം സ്വദേശിയെ പിടികൂടിയത്. നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കപ്പെടുന്ന 'ഇമാം മഹ്മൂദർ കഫില'യുമായി ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡ് എന്നാണ് ലഭിക്കുന്ന വിവരം.
യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഈ കേസിൽ ഉൾപ്പെട്ട അസം സ്വദേശി കേരളത്തിൽ തൊഴിലാളിയായി എത്തുകയും എടപ്പലത്തെ കോഴി ഫാമിൽ ജോലി ചെയ്യുകയുമായിരുന്നു. കുടുംബവുമൊത്ത് വാടകവീട്ടിൽ ആണ് താമസം. ഇവിടെ നിന്നുമാണ് ഇയാളെ NIA സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾക്കായി NIA കൊണ്ടുപോയി. കേരളത്തിലെ വിളയൂരിന് പുറമേ ബംഗാളിൽ അഞ്ചിടത്തും ആസാമിൽ പത്തിടത്തും ഇതേ വിഷയത്തിൽ റെയ്ഡ് നടന്നു.