പാലക്കാട്: മുപ്പത് കോടിയുടെ ഓണം ബമ്പർ സമ്മാനം തനിക്ക് ലഭിച്ചതാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തി. ഈറോഡ് സത്യമംഗലം സ്വദേശിയായ സാദിഖ് ആണ് പരാതിയുമായി എത്തിയത്. എന്നാൽ ടിക്കറ്റുമായി നേരെ ബാങ്കിലോ ട്രഷറിയിലോ പോയി പണം മാറുന്നതിന് പകരം അദ്ദേഹം പോലീസ് സ്റ്റേഷനിൽ എത്തിയത് ടിക്കറ്റ് കാണാനില്ലാത്തതു കൊണ്ടാണ്.

1001452549.jpg

ഡ്രൈവറായി ജോലി ചെയ്യുന്ന സാദിഖ്, പാലക്കാട് എത്തിയപ്പോഴാണ് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ഓണം ബമ്പർ ലോട്ടറി എടുത്തത്. അടുത്ത ദിവസമാണ് താൻ എടുത്ത ലോട്ടറി നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്. തുടർന്ന് ടിക്കറ്റിന്റെ ചിത്രം മകൾ എടുത്ത് വാട്സാപ്പ് വഴി വലിയച്ഛനെ അറിയിച്ചിരുന്നു. എന്നാൽ അതിനുശേഷം യഥാർത്ഥ ടിക്കറ്റ് കാണാനില്ലെന്നാണ് സാദിഖിന്റെ പരാതി.

പോലീസ് നിലപാടും പരാതിക്കാരന്റെ വാദങ്ങളും

മകളുടെ കയ്യിൽ നിന്നാണോ തന്റെ കയ്യിൽ നിന്നാണോ ടിക്കറ്റ് നഷ്ടപ്പെട്ടതെന്ന് സാദിഖിന് വ്യക്തതയില്ല. യഥാർത്ഥ ടിക്കറ്റ് തന്റേതാണെന്നും തമിഴ്നാട്ടിൽ ലോട്ടറി നിരോധിച്ചതിനാൽ അവിടെ കേസ് നൽകാൻ കഴിയാത്തതുകൊണ്ടാണ് പാലക്കാട് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊപ്പമാണ് അദ്ദേഹം പരാതിയുമായി എത്തിയത്.

എന്നാൽ സാദിഖിന്റെ വാദങ്ങൾ പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. നടത്തിയ പ്രാഥമിക പരിശോധനയിൽ ഇദ്ദേഹം ഹാജരാക്കിയ ടിക്കറ്റിന്റെ ചിത്രം യഥാർത്ഥമല്ലെന്നും ഫേക്കാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മൊബൈൽ ഫോണിലെ ഫോട്ടോ മാത്രം കാണിച്ച് 30 കോടി ആവശ്യപ്പെട്ടുള്ള ഈ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.