പാലക്കാട്: ഒലവക്കോട് ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് ഭാഗികമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെങ്കിലും, വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഒലവക്കോട് റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് പുത്തൻപുരയിൽ ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് ഇടിമിന്നലേറ്റത്. ഈ വീടിൽ വാടകക്കാരനായി താമസിക്കുന്ന ഗഫൂറിന്റെ വീട്ടുപകരണങ്ങളും ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണ്ണമായി കത്തിനശിച്ചു. വീടിന്റെ ചുമരുകൾക്കും മേൽക്കൂരയ്ക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഷോർട്ട് സർക്യൂട്ട് കാരണമെന്ന് സംശയം

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഗഫൂറും കുടുംബവും മകളുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ പാചകവാതകം വിതരണം ചെയ്യാനെത്തിയവരാണ് വീട് കത്തിയ നിലയിൽ ആദ്യം കണ്ടത്. വീടിനുള്ളിലായതിനാൽ അപകട വിവരം പുറത്തറിഞ്ഞിരുന്നില്ല.

ഇടിമിന്നലിനെ തുടർന്നുണ്ടായ ശക്തമായ ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്ന് പ്രാഥമികമായി കരുതുന്നു. സോഫ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.