ഒറ്റപ്പാലം: അനങ്ങനടി ഹൈസ്കൂളിൽ പി.ടി.എ ഫണ്ട് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനിച്ചതായും ദേഹോപദ്രവം ഏൽപ്പിച്ചതായും പരാതി. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് ഒറ്റപ്പാലം പോലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.

പി.ടി.എ ഫണ്ട് അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ക്ലാസ് അധ്യാപികയായ സിന്ധുവാണ് വിദ്യാർത്ഥിനിയെ ക്ലാസ് റൂമിൽ വെച്ച് അപമാനിച്ചത്. അപമാനത്തെ തുടർന്ന് കുട്ടി ക്ലാസ് റൂമിൽ ബോധരഹിതയായി വീഴുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഈ സമയം കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപിക തയ്യാറായില്ലെന്നും, പിന്നീട് മറ്റ് അധ്യാപകരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ഒറ്റപ്പാലം പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

1000207791.jpg

എസ്.എഫ്.ഐ പ്രതിഷേധവും പിടിഎ തീരുമാനവും

അധ്യാപികക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി എസ്.എഫ്.ഐയും ബാലസംഘം പ്രവർത്തകരും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അടിയന്തരമായി വിളിച്ചുചേർത്ത പിടിഎ യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും, തുടർന്ന് അധ്യാപികയെ 15 ദിവസത്തേക്ക് സ്കൂളിൽ നിന്നും മാറ്റി നിർത്താൻ തീരുമാനിക്കുകയുമായിരുന്നു.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.