ചിറ്റൂർ: നവീകരണപ്രവൃത്തികൾ നിശ്ചയിച്ചതിലും ഒരാഴ്ച മുമ്പേ പൂർത്തിയാക്കിയ ചിറ്റൂർപ്പുഴ പാലം നാളെ (നവംബർ 5) രാവിലെ 7.30ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. 60 ദിവസംകൊണ്ട് പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് സെപ്റ്റംബർ 13നാണ് പാലം അടച്ചത്. എന്നാൽ സമയബന്ധിതമായ ഇടപെടലുകളിലൂടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂട്ടായ സഹകരണത്തിലൂടെയും പ്രവൃത്തികൾ ഒരാഴ്ച മുമ്പേ പൂർത്തിയാക്കാനായതായി ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ ലൈവ് പാലക്കാടിനോട് പറഞ്ഞു.

1001513798.jpg

പ്ലാൻ ഫണ്ടിൽനിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് 116 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള പാലം നവീകരിച്ചത്. തകർന്ന കോൺക്രീറ്റ് ഭാഗങ്ങളുടെ പുനർനിർമാണം, സ്പാനുകൾ ഉയർത്തൽ, ബെയറിങ് പാഡുകൾ മാറ്റിസ്ഥാപിക്കൽ, എക്സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണി, പെയിന്റിങ് ഉൾപ്പെടെയുള്ള സുരക്ഷാ പ്രവൃത്തികൾ എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്.

 

പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ പ്രയത്നിച്ച പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരെയും കരാറുകാരെയും എംഎൽഎ അഭിനന്ദിച്ചു. പോലീസ്, ജലസേചന വകുപ്പ്, ഫയർഫോഴ്‌സ്, കെഎസ്ആർടിസി തുടങ്ങിയ വകുപ്പുകൾ നൽകിയ സഹകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

 

പാലം അടച്ചിട്ടതുമൂലം ബുദ്ധിമുട്ടുകൾ നേരിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, ഓട്ടോ–ടാക്സി ജീവനക്കാർ, മറ്റ് യാത്രക്കാർ, നാട്ടുകാർ എന്നിവരുടെ സഹകരണവും എംഎൽഎ പ്രത്യേകം സ്മരിച്ചു. വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

#bridge #openingtimes #SumeshAchuthan