പാലക്കാട് :  പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്ര ആലിൻ ചുവട് വള്ളുള്ളിശ്ശേരിയിൽ സിദ്ധാർത്ഥന്റെയും ശബരിയുടെയും മകൻ  കിരൺ (22) ആണ് ബംഗളൂരുവിലെ യലഹങ്കയിൽ തൊഴിലുടമയുടെ അടിയേറ്റ്  മരിച്ചത്. യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങൾ നിർമിക്കുന്ന ഫാക്ടറി ഉടമ തമിഴ്‌നാട് സ്വദേശി ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി കിരൺ പ്രണയത്തിലായിരുന്നു.

കിരണിന്റെ സഹോദരൻ ഹൃതിക്കും ഇതേ കമ്പനിയിലെ ജീവനക്കാരനാണ്. കിരണിന്റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
യെലഹങ്ക പൊലീസിനാണ് അന്വേഷണ ചുമതല. കിരണിന്റെ അച്ഛനും അമ്മയും ഗൾഫിലാണ്. ഇവർ നാളെ നാട്ടിലെത്തും. 

1001514090.jpg

സംഭവം വിശദമായി: 

 കിരൺ കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി അടുപ്പത്തിലായത്. മകൾ മൈസൂരുവിൽ പഠിക്കുകയാണ്. അവധിക്ക് വീട്ടിലെത്തിയതായിരുന്നു.
ഇതിനിടെ 
ആനന്ദും ഭാര്യയും തമിഴ്‌നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയിരുന്നു. ഈ സമയത്താണ് കിരൺ ആനന്ദിന്റെ വീട്ടിലെത്തിയത്. എന്നാൽ അപ്രതീക്ഷിതമായി തിരിച്ചെത്തിയ ആനന്ദ് മകളോടൊപ്പം കിരണിനെ വീട്ടിൽ കണ്ടതോടെ പ്രകോപിതനാകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ആനന്ദ് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയശേഷം കിരണിനെ ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായാണ് റിപ്പോർട്ടുകൾ. അടിവയറ്റിൽ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കിരൺ കുഴഞ്ഞുവീണു.
മർദനത്തിനുശേഷം ആനന്ദ് തന്നെയാണ് കിരണിനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് അയച്ചതെന്നാണ്  ബംഗളൂരുവിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.

1001514095.jpg

കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദിനെ യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളെയും കിരണിനെയും ഒരുമിച്ച് കണ്ടതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി സമ്മതിച്ചതായും വാർത്തകളുണ്ട്