പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ വീട്ടിൽ കഞ്ചാവ് ശേഖരിച്ച് വിൽപ്പന നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. നാട്ടിൽ കോൺക്രീറ്റ് ജോലിക്ക് പോകുന്നതിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ 56-കാരൻ ചാബി മണ്ഡൽ ആണ് അറസ്റ്റിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്ന് 13 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആമയൂർ ഈസ്റ്റ് വള്ളൂരിലെ വാടക ക്വാർട്ടേഴ്സിൽ കുടുംബത്തോടൊപ്പമായിരുന്നു ഇയാളുടെ താമസം.1000204563.jpg

ലഹരി വിൽപ്പനയുടെ രീതി

നാട്ടിൽ കോൺക്രീറ്റ് ജോലിക്ക് പോകുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. കോയമ്പത്തൂരിൽനിന്ന് അനൂപ് മണ്ഡൽ എന്ന സുഹൃത്താണ് കഞ്ചാവ് എത്തിച്ചുനൽകിയതെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്.

പ്രതിക്ക് പിന്നിൽ ലഹരിമാഫിയ സംഘത്തിന്റെ ഇടപെടലുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പട്ടാമ്പി സബ് ഇൻസ്പെക്ടർ കെ. ഫാത്തിൽ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പട്ടാമ്പി മേഖലയിൽ ലഹരിക്കെതിരായ പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.