പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിൽ കരാർ ജോലി നേടിയ കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പുതുക്കോട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടന്റ്-കം-ഐ.ടി. അസിസ്റ്റന്റായി ജോലിചെയ്തിരുന്ന പുതുക്കോട് കിഴക്കേ ഗ്രാമം സ്വദേശി കെ.വി. ഗണപതിയാണ് വടക്കാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇയാൾ മുൻ ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്നു.

2021 ജൂലായ് മുതൽ 2024 വരെയുള്ള കാലയളവിലാണ് ഗണപതി പുതുക്കോട് പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്തത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള ബി.കോം. ബിരുദത്തിന്റെ മാർക്ക് ലിസ്റ്റാണ് യോഗ്യതയായി ഇയാൾ സമർപ്പിച്ചത്. അന്നത്തെ ഇടതുമുന്നണി ഭരണസമിതിയുടെ കാലത്താണ് ഇയാൾക്ക് നിയമനം ലഭിച്ചത്.

എന്നാൽ, ഇത്തവണ യു.ഡി.എഫ്. അധികാരത്തിൽ എത്തിയപ്പോൾ ഗണപതിയുടെ കരാർ പുതുക്കാൻ അധികൃതർ തയാറായില്ല. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയും സെപ്റ്റംബർ വരെ ജോലി നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനിടെ യോഗ്യതാ രേഖകളിൽ സംശയം തോന്നിയ പഞ്ചായത്തധികൃതർ മാർക്ക് ലിസ്റ്റ് പരിശോധനയ്ക്കായി സർവകലാശാലയിലേക്ക് അയച്ചു.

മാർക്ക് ലിസ്റ്റ് വ്യാജമാണെന്നും ഗണപതി ബിരുദം പാസായിട്ടില്ലെന്നും സർവകലാശാല ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് പുതുക്കോട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി. ദീപ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് രാജി സമർപ്പിച്ച് ഒളിവിൽ പോയ പ്രതിയെ പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് ഇന്ന് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.