വടക്കഞ്ചേരി: വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പുതുക്കോട് മണപ്പാടം കണക്കന്നൂർ സ്വദേശി രാജി എന്ന ഷിജു (40) ആണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ജൂലൈ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയുടെ മണപ്പാടത്തെ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈവിയാണ് രാത്രിയിൽ മോഷണം പോയത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ മൂന്നു ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ നിന്നും ബൈക്ക് കണ്ടെത്തിയിരുന്നു.

ബൈക്ക് കൈവശം വച്ചിരുന്ന തമിഴ്നാട് സ്വദേശി മാതേഷ് എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മണപ്പാടം സ്വദേശിയായ ഷിജുവാണ് ബൈക്ക് മോഷ്ടിച്ച് മാധേഷിന് കൈമാറിയ വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിജുവിനെ കഴിഞ്ഞദിവസം മണപ്പാടത്തു നിന്നും പിടികൂടിയത്.

പിടിയിലായ പ്രതികൾ രണ്ടുപേരും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. കഞ്ചാവ് കടത്ത് കേസുകളിലും വിവിധ വാഹനാപഹരണ കേസുകളിലും പ്രതികളാണ് ഇരുവരും എന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചു.