പാലക്കാട്: മൂലത്തറയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഏഴംഗ സംഘം തല്ലിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികളുടെ വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് മീനാക്ഷിപുരം പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മൂലക്കടവ് സ്വദേശി കതിരേശൻ(23) ഉൾപ്പെടെയുള്ള ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് മൂലത്തറ കള്ള് ഷാപ്പിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ അൻപതിലേറെ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കുള്ളിലെ രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
ക്രൂരമായ ആക്രമണം
കഴിഞ്ഞ ശനിയാഴ്ച രാത്രി പണിയോടെയാണ് സംഭവം. പലതവണ വിലക്കിയിട്ടും പ്രതിയായ കതിരേശന്റെ വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ ദേഷ്യത്തിലാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികൾ മരത്തടിയും കല്ലും ഉപയോഗിച്ച് യുവാവിനെ മുഖത്തും തലയിലും മാറിമാറി ആഞ്ഞടിച്ചു. നിലത്തുവീണ് കിടന്നപ്പോഴും ആക്രമണം തുടർന്നു.
രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അരക്കിലോമീറ്ററോളം ദൂരം പിന്തുടർന്നു പ്രതികൾ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതി സ്വദേശികളായ കാർത്തിക് (26), നവീൻ (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശൻ (23), മണികണ്ഠൻ (25), സൂര്യപ്രകാശ് (22) എന്നിവരെ പൊലീസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കി
കൊല്ലപ്പെട്ടയാൾ കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്തുണ്ടായിരുന്നുവെന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും വണ്ണാമട ഉൾപ്പെടെയുള്ള മേഖലകളിൽ ഭിക്ഷാടനം നടത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. അറസ്റ്റിലായ പ്രതികളെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!