പാലക്കാട്: പാലക്കാട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു. മാവൂർ അരയൻങ്കോട് കൈക്കലാട്ട്മേത്തൽ ശശികുമാറിന്റെയും സിനിയുടെയും ഇളയ മകൾ ദേവിക (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം പാലക്കാട്-ചെർപ്ലശ്ശേരി റോഡിൽ മംഗലാംകുന്നിന് സമീപത്തായിരുന്നു ദാരുണമായ അപകടം.

ദേവികയുടെ സഹോദരി അരുണിമ, സഹോദര പുത്രൻ അഭിജിത്ത് എന്നിവർക്കൊപ്പം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ തമിഴ്നാട്ടിൽ നിന്നും വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അഭിജിത്ത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. പാലക്കാട്ടുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു സംഘം. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻവശം പൂർണ്ണമായും തകർന്നു. തുടർന്ന് വാഹനത്തിനകത്ത് കുടുങ്ങിപ്പോയ മൂന്നു പേരെയും നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് പുറത്തെടുത്ത് മാങ്ങോട്ടെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെയോടെ ദേവികയുടെ മരണം സംഭവിക്കുകയായിരുന്നു.

യാത്രയുടെ ലക്ഷ്യവും അപകടവും
അപകടത്തിൽപ്പെട്ട സഹോദരിമാരുടെ മറ്റൊരു സഹോദരിയായ ആദിത്യ പാലക്കാട്ടെ ഒരു ബാങ്ക് ജീവനക്കാരിയാണ്. ഇവർക്ക് വേണ്ടി വാങ്ങിയ ഫ്രിഡ്ജ് പിക്കപ്പ് ഓട്ടോയിൽ കയറ്റി പാലക്കാട്ടെത്തിച്ച് കൈമാറിയശേഷം മടങ്ങുമ്പോഴാണ് അപകടം നടന്നത്. സംഭവ സമയത്ത് പ്രദേശത്ത് മഴ പെയ്തിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറിയാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!