പാലക്കാട്: ട്രെയിനുകളിൽ അനാവശ്യമായി അപായ ചങ്ങല (അലാറം ചെയിൻ) വലിക്കുന്നതിനെതിരെ നടപടി ശക്തമാക്കി പാലക്കാട് ഡിവിഷൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്). 2026 സെപ്റ്റംബറിൽ മാത്രം വിവിധ ട്രെയിനുകളിലായി 59 അലാറം ചെയിൻ വലിക്കൽ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 39 സംഭവങ്ങളിൽ യാത്രക്കാർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വയോധികർ, കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, രോഗികൾ എന്നിവർക്ക് യഥാസമയം ഇറങ്ങാൻ കഴിയാതിരിക്കുക, യാത്രക്കാർ ട്രാക്കിലേക്ക് വീഴുക, അടിയന്തര ചികിത്സാ സാഹചര്യം, സാങ്കേതിക തകരാറുകൾ തുടങ്ങിയ യഥാർഥ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശേഷിക്കുന്ന സംഭവങ്ങളെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യമുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എപ്പോഴാണ് അപായ ചങ്ങല വലിക്കാനാവുക?
അനധികൃതമായി അലാറം ചെയിൻ വലിക്കുന്നത് 1989-ലെ റെയിൽവേ നിയമത്തിലെ 141-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്. നിയമവിരുദ്ധമായി ചെയിൻ വലിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ 1,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. സ്റ്റേഷൻ വിട്ടുപോയത്, വൈകിയെത്തുന്ന യാത്രക്കാരനെ കാത്തുനിൽക്കേണ്ടത്, നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലത്ത് ഇറങ്ങേണ്ടത് തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഒരിക്കലും ചെയിൻ വലിക്കാൻ പാടില്ല.
യാത്രക്കാരൻ ട്രെയിനിൽനിന്ന് വീഴുക, ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാകുക, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉടനടി ഭീഷണി നേരിടുക തുടങ്ങിയ യഥാർത്ഥ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാവൂ. അടിയന്തര ആവശ്യങ്ങളില്ലാതെ അലാറം ചെയിൻ ഉപയോഗിക്കുന്നത് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുന്നതിനും സിഗ്നലിങ് ഏകോപനത്തെ ബാധിക്കുന്നതിനും കണക്ഷൻ ട്രെയിനുകൾ വൈകുന്നതിനും കാരണമാകും.
യാത്രക്കാർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ റെയിൽവേ ഹെൽപ്‌ലൈൻ നമ്പറായ 139 വഴിയോ ട്രെയിൻ ജീവനക്കാരെയോ വിവരം അറിയിക്കാവുന്നതാണ്. സുരക്ഷിതവും കൃത്യസമയത്തുള്ളതുമായ ട്രെയിൻ സർവീസുകൾ ഉറപ്പാക്കാൻ യാത്രക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ആർപിഎഫ് അഭ്യർത്ഥിച്ചു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!