പാലക്കാട്: വോട്ടർ പട്ടികയിൽ അർഹരായിട്ടും പേരില്ലാത്തവരെ ഉൾപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലും ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് നടത്തും. എല്ലാ ദിവസങ്ങളിലും പ്രത്യേക ഡിജിറ്റൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും പ്രത്യേക ഡിജിറ്റൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. കൂടാതെ, ബൂത്ത് ലെവൽ ഓഫീസർമാർ (BLO) അതത് ബൂത്ത് പരിധികളിൽ സ്ഥിരതാമസക്കാരായ 18 വയസ്സ് പൂർത്തിയായവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഗൃഹസന്ദർശനം നടത്തും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷാ നടപടികൾ ലളിതമാക്കിയിട്ടുണ്ട്. അധിക ഡിക്ലറേഷൻ ഫോം ഒഴിവാക്കിയതിനാൽ നിയമപ്രകാരമുള്ള ഫോം 6 മാത്രം ഓൺലൈനായി സമർപ്പിച്ചാൽ മതിയാകും.

ക്യാമ്പസ് തലത്തിലും എൻറോൾമെന്റ് ഡ്രൈവ്

യുവ വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ ‘Campus to Booth’ എന്ന പേരിൽ എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ‘Step Forward, Get Counted’ എന്ന മുദ്രാവാക്യത്തോടെ നവംബർ രണ്ടിന് ആരംഭിക്കുന്ന ഒരാഴ്ച നീളുന്ന പരിപാടിയിലൂടെ കൂടുതൽ വിദ്യാർഥികളെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ രൂപീകരിച്ച് വിദ്യാർഥികൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ബോധവത്കരണം നൽകും. നിലവിൽ 18 വയസ്സ് പൂർത്തിയായ അർഹരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് പ്രത്യേക ഡ്രൈവിന്റെ ലക്ഷ്യമെന്നും ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.