പാലക്കാട്: ട്രെയിൻ അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻഡിആർഎഫ്) സംയുക്ത മോക് ഡ്രിൽ നടത്തി. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനും അരക്കോണത്തെ എൻഡിആർഎഫിന്റെ നാലാം ബറ്റാലിയനും സംയുക്തമായാണ് വ്യാഴാഴ്ച അഭ്യാസം സംഘടിപ്പിച്ചത്.

1001471683.jpg

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി), കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, കേരള പൊലീസ്, റവന്യൂ വകുപ്പ്, ആരോഗ്യവകുപ്പ്, റെയിൽവേ സിവിൽ ഡിഫൻസ് വിഭാഗം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡോഗ് സ്ക്വാഡ് തുടങ്ങിയ വിവിധ വകുപ്പുകളും സന്നദ്ധപ്രവർത്തകരും അഭ്യാസത്തിൽ പങ്കെടുത്തു. രാവിലെ 9.05-നാണ് മോക് ഡ്രിൽ ആരംഭിച്ചത്. ഷൊർണൂർ ജങ്ഷനിൽ ട്രെയിൻ നമ്പർ 06650 അപകടത്തിൽപ്പെട്ടതായി സാങ്കൽപ്പിക സന്ദേശം ലഭിക്കുന്ന രീതിയിലായിരുന്നു അഭ്യാസം.

സാങ്കൽപ്പിക ദുരന്ത സാഹചര്യവും രക്ഷാപ്രവർത്തനവും

സാഹചര്യമനുസരിച്ച് എൻജിനിൽനിന്ന് നാലാമത്തെ ജനറൽ കോച്ച് പാളം തെറ്റി മറിയുകയും അഞ്ചാമത്തെ എസ്10 കോച്ച് പാളം തെറ്റി ജനറൽ കോച്ചിന് മുകളിലേക്ക് കയറുകയും ചെയ്തതായി സങ്കൽപ്പിച്ചു. എസ്10 കോച്ചിന്റെ പിൻഭാഗത്തും തൊട്ടുപിന്നിലുള്ള എസ്9 കോച്ചിന്റെ മുൻഭാഗത്തും തീപിടിത്തമുണ്ടായതായും സാങ്കൽപ്പിക സാഹചര്യം സൃഷ്ടിച്ചു. വിവരമറിഞ്ഞ് റെയിൽവേയുടെയും എൻഡിആർഎഫിന്റെയും രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തുകയും അപകട ദുരിതാശ്വാസ ട്രെയിൻ വിന്യസിക്കുകയും ചെയ്തു.

അപകടത്തിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി കേടുപാടുകൾ സംഭവിച്ച കോച്ചുകൾ മുറിച്ചുതുറന്ന് ആളുകളെ പുറത്തെത്തിക്കുന്ന അഭ്യാസവും നടത്തി. റെയിൽവേയുടെ മെക്കാനിക്കൽ വിഭാഗവും എൻഡിആർഎഫ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഈ പ്രവർത്തനം നടത്തിയത്. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. റെയിൽവേ ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകി.

1001472618.jpg

ഏകോപനം മെച്ചപ്പെടുത്താൻ സഹായകരമെന്ന് അധികൃതർ

രാവിലെ 11.45-ന് മോക് ഡ്രിൽ പൂർത്തിയായി. അഭ്യാസത്തിൽ പങ്കെടുത്ത സംഘങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്ത പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവത്ത്, മോക് ഡ്രിൽ വിജയകരമായി നടത്തിയതിൽ സംതൃപ്തി രേഖപ്പെടുത്തി. സിവിൽ അധികാരികളുമായി ഏകോപിപ്പിച്ച് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റെയിൽവേയ്ക്ക് സമഗ്രമായ ദുരന്തനിവാരണ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫീസർ ടി.പി. സിങ്, പാലക്കാട് ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസ്, വിവിധ റെയിൽവേ ഉദ്യോഗസ്ഥർ, ഒറ്റപ്പാലം ഡെപ്യൂട്ടി തഹസിൽദറുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും അഭ്യാസത്തിൽ പങ്കെടുത്തു. റെയിൽവേയും എൻഡിആർഎഫും സംസ്ഥാന സർക്കാർ വകുപ്പുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമായും മോക് ഡ്രിൽ മാറി.