പാലക്കാട്: പിരായിരി പഞ്ചായത്തിലെ മാമ്പ്രയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്നുള്ള അനധികൃത ലോഡുകൾ തിങ്കളാഴ്ച മുതൽ നാട്ടുകാർ തടയും. അനധികൃത കരിങ്കൽ കടത്തിനെതിരെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് വഴിയിലിറങ്ങി ലോഡുകൾ തടയുന്നതെന്ന് പ്രദേശവാസികളായ വീട്ടമ്മമാർ വ്യക്തമാക്കി.

ക്വാറിയുടെ പ്രവർത്തനം കാരണം പ്രദേശത്തെ വീടുകൾ വിണ്ടു കീറുന്നു തുടങ്ങി വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് നാട്ടുകാർ പിരായിരി ഗ്രാമപഞ്ചായത്തിനു മുന്നിൽ സമരം ഉൾപ്പെടെ നടത്തിയിരുന്നു. തുടർന്ന് നാട്ടുകാരുമായി നടത്തിയ ചർച്ചക്ക് ശേഷം ക്വാറിയുടെ പ്രവർത്തനം നിയമപരമാണെന്ന നിലപാടിൽ അധികാരികൾ എത്തുകയായിരുന്നു. എന്നാൽ ഈ ചർച്ച പ്രഹസനം ആയിരുന്നു എന്നാണ് വീട്ടമ്മമാരുടെ പ്രധാന പരാതി.

അധികാരികളുടെ മൗനം ചോദ്യം ചെയ്ത് നാട്ടുകാർ

ഇതിനുശേഷം ക്വാറിക്കെതിരെ പഞ്ചായത്ത് മുതൽ ജില്ലാ കളക്ടർ വരെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ലെന്നാണ് വീട്ടമ്മമാർ പറയുന്നത്. ഈ സാഹചര്യം മുതലെടുത്താണ് ക്വാറിയിൽ നിന്ന് യാതൊരു നിയമവും പാലിക്കാതെ ടൺ കണക്കിന് കരിങ്കല്ല് കടത്തുന്നത്. പ്രതിദിനം കൊണ്ടുപോകാവുന്ന കല്ലിന് കണക്കുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒരു അന്വേഷണവും നടത്താറില്ല.

നിയമം ലംഘിച്ച് 150 ഓളം ടിപ്പറുകളാണ് ഈ വഴി കല്ല് കടത്തുന്നത്. ഹൈക്കോടതിയുടെ പോലീസ് പ്രൊട്ടക്ഷൻ ഓർഡർ ഉണ്ട് എന്ന് പറഞ്ഞാണ് ക്വാറി ഉടമ അധികാരികളെ ഭയപ്പെടുത്തുന്നത്. എന്നാൽ അത്തരം ഒരു ഓർഡർ നിലവിലില്ലെന്നും നേരത്തെ ക്വാറിയിൽ ബ്ലാസ്റ്റിങ്ങ് ടെസ്റ്റ് നടത്താൻ ഒരു മാസത്തേക്ക് നൽകിയ ഓർഡർ കാണിച്ചാണ് ഈ കള്ളത്തരം എന്നും വീട്ടമ്മമാർ ആരോപിക്കുന്നു.

സമരവുമായി മുന്നോട്ട്

അനുവദിച്ചതിന്റെ ഇരട്ടിയിലേറെ കല്ല് കടത്തുന്നത് കൊണ്ട് സംസ്ഥാന സർക്കാറിന് വരെ വലിയ തോതിൽ വരുമാന നഷ്ടമുണ്ട്. നിയമം നടപ്പാക്കേണ്ടവർ അത് ചെയ്യാതിരിക്കുന്നത് കൊണ്ടാണ് നിയമം നടപ്പാക്കാൻ തങ്ങൾക്ക് നേരിട്ടിറങ്ങേണ്ട സാഹചര്യമുണ്ടായതെന്ന് വീട്ടമ്മമാർ പറഞ്ഞു. ക്വാറിയിൽ നിന്നും ദിവസവും കല്ല് എടുക്കാൻ അനുമതിയുള്ള പാസിന്റെ വിവരങ്ങൾ തങ്ങൾക്ക് അറിയാമെന്നും തിങ്കളാഴ്ച മുതൽ അതല്ലാതെ ഒരു ലോറിയും ഈ വഴി കടത്തിവിടില്ലെന്നും സമരക്കാർ വ്യക്തമാക്കി.