പാലക്കാട്: ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന്റെ സന്തോഷത്തിലും കേരളത്തിന്റെ അവഗണനയിൽ കടുത്ത പരിഭവത്തിലുമാണ് ഒളിമ്പ്യൻ എം. ശ്രീശങ്കർ. ഏഷ്യൻ ഗെയിംസിലെ ചാട്ടത്തിനിടെ പരിക്കേറ്റ കാലിന് പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. യാക്കരയിലെ വീട്ടിൽ കാലിൽ എയർ ഷൂസുമായി കഴിയുന്നതിനിടയിലാണ് കായിക താരങ്ങൾ നേരിടുന്ന അവഗണനകളെക്കുറിച്ച് ശ്രീശങ്കർ തുറന്നുപറഞ്ഞത്.

1001461165.jpg

പരിക്കിന് ചെറിയൊരു ശസ്ത്രക്രിയ കൂടി ആവശ്യമുള്ളതിനാൽ അടുത്ത ദിവസങ്ങളിൽ അദ്ദേഹം ലണ്ടനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടയിലാണ് സംസ്ഥാന സർക്കാരിന്റെ കായിക നയങ്ങൾക്കും പിന്തുണയ്ക്കും എതിരെയുള്ള തന്റെ അതൃപ്തി താരം വ്യക്തമാക്കിയത്. കായികതാരങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായവും ഇൻസെന്റീവുകളും അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ചാൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 10 വർഷം പിറകിലാണെന്ന് ശ്രീശങ്കർ കുറ്റപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങൾ ഏറെ മുന്നിൽ

പത്തു വർഷം മുൻപ് ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും സമാന സ്ഥിതിയിലായിരുന്നുവെങ്കിലും ഇന്ന് അവയെല്ലാം ഏറെ മുന്നേറി കഴിഞ്ഞതായി ശ്രീശങ്കർ ചൂണ്ടിക്കാണിച്ചു. അവിടെനിന്ന് വരുന്ന കായികതാരങ്ങളും അവർ ഉണ്ടാക്കുന്ന നേട്ടങ്ങളും ഇതിന്റെ തെളിവാണ്. കേരളം സഹായങ്ങൾ ഉയർത്തിയിട്ടില്ല എന്നല്ല, എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഇത് എട്ടിരട്ടിയോ പത്തിരട്ടിയോ ആയി വർദ്ധിച്ചിട്ടുണ്ട്. കഴുത്തിൽ അണിയുന്ന മെഡൽ ഒന്നാണെങ്കിലും ലഭിക്കുന്ന സഹായങ്ങളിൽ കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

1001461154.jpg

തമിഴ്നാട്ടിൽ നിന്നുള്ള ഓഫറും കേന്ദ്ര സഹായവും

ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിന് ശേഷം തമിഴ്നാട് അത്‌ലറ്റിക് അസോസിയേഷനിൽ നിന്ന് മികച്ച പിന്തുണയും ക്ഷണവും ലഭിച്ചിട്ടുണ്ടെന്ന് ശ്രീശങ്കർ പറഞ്ഞു. താൻ ജനിച്ചത് തമിഴ്നാട്ടിലായതിനാൽ ആ ക്ഷണം സ്വീകരിക്കാൻ യോഗ്യതയുണ്ട്. കേരളത്തിൽ നിന്ന് തുടർന്നും മെച്ചപ്പെട്ട സമീപനം ഉണ്ടായില്ലെങ്കിൽ താൻ ചിലപ്പോൾ തമിഴ്നാടിന്റെ ഓഫർ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിൽ കായിക മേഖലയോടുള്ള സമീപനം മാറണമെന്നും ഇല്ലെങ്കിൽ മികച്ച അത്‌ലറ്റുകൾ സംസ്ഥാനം വിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തന്റെ പരിശീലനം, അതിനുള്ള സൗകര്യങ്ങൾ, പരിക്കിനുള്ള ചികിത്സ തുടങ്ങിയ എല്ലാ കാര്യങ്ങളും കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) വളരെ മികച്ച രീതിയിലാണ് നിർവഹിക്കുന്നതെന്നും ശ്രീശങ്കർ പറഞ്ഞു.