പാലക്കാട്: കേരള സർക്കാരിന്റെ പുതിയ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ (TUFFAN) ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 20 കിലോയിലധികം ഉണക്ക കഞ്ചാവ് പിടികൂടി. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വിലവരും.
റെയിൽവേ സ്റ്റേഷനുകളിലൂടെയുള്ള ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി ആർ.പി.എഫ് (RPF) പാലക്കാട്, ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗം, റെയിൽവേ പോലീസ് (GRP) എന്നിവർ സംയുക്തമായാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്. ഇതിന്റെ തുടർച്ചയായാണ് വലിയ അളവിൽ കഞ്ചാവ് കണ്ടെടുത്തത്.
പരിശോധനാ സംഘം
ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് ഡിവിഷൻ എസ്.ഐ ദീപക്. എ. പി, ജി.ആർ.പി എസ്.ഐ പ്രവീൺ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന നടന്നത്. ഈ സംഘത്തിൽ ആർ.പി.എഫ് പാലക്കാട് എ.എസ്.ഐ ഷാജു കുമാർ, ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗം കോൺസ്റ്റബിൾമാരായ എൻ. ശ്രീജിത്ത്, പ്രസാദ് എം എന്നിവരും സജീവമായി പങ്കെടുത്തു.
സംഭവത്തിൽ ജി.ആർ.പി പാലക്കാട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി കടത്തിന് പിന്നിൽ വലിയ സംഘമുണ്ടോയെന്നും ആർക്കൊക്കെയാണ് കഞ്ചാവ് എത്തിച്ചതെന്നും കണ്ടെത്താൻ റെയിൽവേ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.