പാലക്കാട്/ കരിമ്പ: മകളുടെ മരണത്തിൽ തങ്ങൾക്ക് നീതി ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയുമില്ലെന്ന് നെടുമ്പാശ്ശേരിയിൽ കാറിടിച്ച് കൊല്ലപ്പെട്ട എം.പി. ഗോപികയുടെ മാതാപിതാക്കൾ. മകളുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അച്ഛൻ പ്രദീപ്കുമാറും അമ്മ സജിതയും തങ്ങൾക്കുണ്ടായ അനുഭവങ്ങളും ആശങ്കകളും പങ്കുവെച്ചത്.

ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത ഒരാളെ ജുവനൈൽ ഹോമിലേക്ക് വിടുന്നത് കേസ് അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നതായി പ്രദീപ്കുമാർ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ വീഴ്ചകളുണ്ടായിട്ടുണ്ട്. അവർക്ക് മുകളിൽ ഉയർന്ന തലത്തിൽ നിന്ന് സമ്മർദ്ദമുള്ളതായും സംശയിക്കുന്നു. അപകടത്തിനുശേഷം പ്രതിയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ് സംഭവങ്ങൾ. ആദ്യ എഫ്.ഐ.ആറിൽ പ്രതി മദ്യപിച്ച കാര്യം ഉൾപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

1001467431.jpg

രാഷ്ട്രീയ അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷവിമർശനം

മകളുടെ മരണത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെയും മകൾക്കെതിരെയും നടക്കുന്ന അധിക്ഷേപ പരാമർശങ്ങളിൽ മാതാപിതാക്കൾ വേദന പ്രകടിപ്പിച്ചു. രാഷ്ട്രീയ നേതാക്കൾ മാന്യത പാലിക്കണമെന്നും ശശികല ഉൾപ്പെടെയുള്ളവർ കുടുംബത്തെ അധിക്ഷേപിക്കുകയാണെന്നും പ്രദീപ്കുമാർ കുറ്റപ്പെടുത്തി. പ്രതിയെ രക്ഷിക്കാൻ മന്ത്രിമാർ ഉൾപ്പെടെ ഇടപെട്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകളുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം രക്ത പരിശോധന നടത്തിയതിൽ ദുരൂഹതയുണ്ടെന്നും പ്രദീപ്കുമാർ ആരോപിച്ചു. കരയാതിരിക്കുന്നത് സങ്കടമില്ലാഞ്ഞിട്ടല്ലെന്നും മകൾ നഷ്ടപ്പെട്ടതിന്റെ മരവിപ്പാണ് തങ്ങളെ തളർത്തിയതെന്നും ആ അച്ഛൻ കണ്ണീരോടെ പറഞ്ഞു.

കോളേജ് വൈസ് ചെയർപേഴ്സണായിരുന്നു ഗോപിക

പഠനത്തിൽ മിടുക്കിയായിരുന്ന ഗോപിക പഠിച്ചിരുന്ന കെ.എം.എം. കോളേജിലെ വൈസ് ചെയർപേഴ്സൺ ആയിരുന്നു. എൻ.എസ്.എസിലൂടെ സാമൂഹിക സേവന രംഗത്തും സജീവമായിരുന്നു തങ്ങളുടെ മകൾ. അടുത്തയാഴ്ച നാട്ടിലെത്തുമെന്നും വിദേശത്ത് പോകാൻ പാസ്പോർട്ട് ശരിയാക്കാനുള്ള ഒരുക്കത്തിലുമായിരുന്നു അവളെന്നും മാതാപിതാക്കൾ ഓർത്തു.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. 19 വയസ്സുകാരൻ മദ്യലഹരിയിൽ അതിവേഗത്തിൽ ഓടിച്ച കാറിടിച്ചാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഗോപിക ഉൾപ്പെടെ മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ടത്.