പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ യുവാവ് മരിച്ചു. മേനോൻപാറ പരിശിക്കൽ എരിമിക്കാര വീട്ടിൽ ജോസഫ് മനോഹറിന്റെ മകൻ ജയിംസ് രാജകുമാരൻ (38) ആണ് മരിച്ചത്. അക്രമത്തിൽ വെട്ടേറ്റ ബന്ധു പ്രവീൺ ചികിത്സയിലാണ്.
വലിയ കള്ളിയമ്പാറയിലുള്ള പ്രവീണിന്റെ വീട്ടിൽ വെച്ചാണ് സംഭവം. മദ്യപാനത്തിനിടെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിൽ ഉണ്ടായ  വഴക്കിന് ശേഷം
രാത്രി 10.30 ഓടെ പ്രവീണിന്റെ വീട്ടിലേക്ക്  ബൈക്കിലെത്തിയ ജയിംസ് രാജകുമാരൻ   വടിവാൾ ഉപയോഗിച്ച് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കൈവശമുണ്ടായിരുന്ന മുളകുപൊടി കലർന്ന വെള്ളം പ്രവീണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തു. ഇതോടെ ബന്ധുക്കളും പരിസരവാസികളും ചേർന്ന് ജെയിംസ് രാജകുമാരനെ നേരിട്ടു. ഇയാൾക്ക് കനത്ത മർദ്ദനമേൽക്കുകയും ചെയ്തു.  പ്രവീണിന്റെ കൈവശവും കൊടുവാൾ ഉണ്ടായിരുന്നതായാണ് വിവരം.
ഇതിനിടയാണ് ജയിംസ് രാജകുമാരൻ മരണപ്പെട്ടത്. സംഭവത്തിൽ ആദ്യം ആസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം കൊലപാതകത്തിനാണ്  കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. അക്രമത്തിൽ ഇടതുകവിളിന് വെട്ടേറ്റ പ്രവീണിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പങ്കെടുത്തതായി സംശയിക്കുന്ന നാല് പേരാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ജെയിംസ് രാജകുമാരൻ 13ഉം പത്തും  വയസ്സുള്ള രണ്ടു മക്കളെയും കൂട്ടിയാണ് പ്രവീണിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. അക്രമ കൊലപാതക സംഭവങ്ങളിൽ ദൃക്സാക്ഷികളായ ഇയാളുടെ മക്കളുടെ മൊഴിപ്രകാരമാണ് നാലുപേർ കസ്റ്റഡിയിൽ ഉള്ളത്. ജെയിംസ് രാജകുമാരന്റെ ഭാര്യ പിണങ്ങി പോയതാണ്. തിരുപ്പൂരിലെ ഒരു മില്ലിലെ ജോലിക്കാരനാണ് മരിച്ച ജെയിംസ് രാജകുമാരൻ.  നാട്ടിൽ ലീവിന് എത്തിയതായിരുന്നു. ഇയാളുടെ മദ്യപാനത്തെ കുറിച്ചും നാട്ടുകാർക്ക് നല്ല അഭിപ്രായമല്ല ഉള്ളത് എന്നാണ് പോലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം  #CrimeNews #LivePalakkad #PoliceNews