പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ.) ഏഴാമത് കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ആറിന് ബാധിത മേഖലകളിൽ സംയുക്ത കിസാൻ മോർച്ച ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിലും കേരളം നേരത്തെ ഉന്നയിച്ച ആശങ്കകൾ പരിഗണിച്ചിട്ടില്ലെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണ്ണമായി ഒഴിവാക്കി വനമേഖല മാത്രം സംരക്ഷിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ പഠനം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ബാധിത വില്ലേജുകളും ആശങ്കകളും
പുതിയ വിജ്ഞാപനപ്രകാരം പാലക്കാട് ജില്ലയിലെ 13 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്. അട്ടപ്പാടിയും നെല്ലിയാമ്പതിയും ഇതിൽ പൂർണ്ണമായും ഉൾപ്പെടുന്നു. അഗളി, കള്ളമല, കോട്ടത്തറ, പാടവയൽ, പുതൂർ, ഷോളയൂർ, മുതലമട ഒന്ന്, നെല്ലിയാമ്പതി, പാലക്കയം, മലമ്പുഴ ഒന്ന്, പുതുശ്ശേരി ഈസ്റ്റ്, പുതുപ്പരിയാരം, കിഴക്കഞ്ചേരി ഒന്ന് എന്നീ വില്ലേജുകളാണ് പട്ടികയിലുള്ളത്. അന്തിമ വിജ്ഞാപനം നിലവിൽ വരുന്നതോടെ കൃഷി, ചെറുകിട സംരംഭങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, സാധാരണ ജനങ്ങളുടെ ജീവനോപാധികൾ എന്നിവയെ ഗുരുതരമായി ബാധിക്കുന്ന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് കർഷകരുടെ ആശങ്ക.
ഓരോ വില്ലേജിലെയും ഉൾപ്പെട്ട സർവേ നമ്പറുകൾ വിജ്ഞാപനത്തിലെ മാപ്പിൽ വ്യക്തമല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. ബാധിത പ്രദേശങ്ങളിൽ നേരിട്ടുള്ള പരിശോധന നടത്തി വനമേഖലയെ വനമായും ജനവാസ മേഖലകളെ ജനവാസ മേഖലയായും നിലനിർത്താൻ തയ്യാറാകണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ ശക്തമായ സമ്മർദം ചെലുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വനസംരക്ഷണത്തിന്റെ പേരിൽ ജനജീവിതം ബലികൊടുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായി പരിഹരിക്കുകയും കൃഷിയും ഉപജീവനമാർഗങ്ങളും സംരക്ഷിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, കിസാൻസഭ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ, ചെയർമാൻ എം.ആർ. മുരളി, കൺവീനർ മണികണ്ഠൻ പൊറ്റശ്ശേരി, സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!