ആലത്തൂർ: ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ആലത്തൂർ വി.എഫ്.പി.സി.കെ (VFPCK) ഓഫീസിന് മുന്നിൽ വനിതാ ജീവനക്കാരി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. കഴിഞ്ഞ ദിവസമാണ് ജീവനക്കാരി ഒറ്റയാൾ പ്രതിഷേധം ആരംഭിച്ചത്.

കഴിഞ്ഞ 22 വർഷമായി വി.എഫ്.പി.സി.കെയിൽ ജോലി ചെയ്തുവരുന്ന കൊഴിഞ്ഞാമ്പാറ തൃപ്പാളൂർ സ്വദേശിനി ലിന്തുവാണ് സമരവുമായി രംഗത്തെത്തിയത്. ആലത്തൂർ ഓഫീസിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ലിന്തു 2009-ലാണ് ആലത്തൂരിലെത്തിയത്.

കടുത്ത സാമ്പത്തിക പ്രയാസത്തിൽ

ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് വാടകവീട്ടിൽ താമസിക്കുന്ന തനിക്ക് കടുത്ത സാമ്പത്തിക പ്രയാസങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് ലിന്തു മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലാണെന്നും ഇവർ വ്യക്തമാക്കി.

തനിക്ക് പുറമെ മറ്റ് ആറോളം ജീവനക്കാർക്കും സമാനമായി ശമ്പളം മുടങ്ങിക്കിടക്കുകയാണെന്ന് ലിന്തു കൂട്ടിച്ചേർത്തു. അടിയന്തരമായി ശമ്പളം അനുവദിക്കണമെന്നും അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.