പാലക്കാട്: സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ള വനിതാ സഖാക്കളുടെ പരാതി പൂഴ്ത്തിവെക്കാതെ പോലീസിന് കൈമാറി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

സുരേഷ് ബാബുവിൻ്റെ ചിത്രമുള്ള കോഴി കോലത്തിനൊപ്പം ജീവനുള്ള കോഴികളുമായിട്ടായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. പാർട്ടിക്കുള്ളിലെ അനീതിക്കെതിരെയുള്ള പ്രതിഷേധം വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തകർ സംഘടിപ്പിച്ചത്.
ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരത്തിലൂടെ സഞ്ചരിച്ച് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ സുരേഷ് ബാബുവിന്റെ കോലം കത്തിച്ച് പ്രതിഷേധം ശക്തമാക്കി.

പരാതിയിൽ നിഷ്പക്ഷവും ശക്തവുമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് സിപിഎം നേതൃത്വം പിന്മാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പരിപാടിയിൽ നിരവധി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സംബന്ധിച്ചു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!