പാലക്കാട്: ജില്ലയിൽ ഒന്നാം വിള കൊയ്ത്ത് ആരംഭിച്ച് ഒരുമാസത്തോട് അടുക്കുമ്പോഴും സർക്കാറിന്റെ നെല്ല് സംഭരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി കർഷക മോർച്ച സപ്ലൈകോ ഓഫീസ് ഉപരോധിച്ചു. പാലക്കാട് നഗരത്തിൽ ടൗൺ സ്റ്റാൻഡിന് സമീപത്തുള്ള സപ്ലൈകോ ഓഫീസിലെത്തിയാണ് ഉദ്യോഗസ്ഥരെ പ്രവർത്തകർ ഉപരോധിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ ഓഫീസിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. തുടർന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും നെല്ല് എപ്പോൾ സംഭരിക്കും, സംസ്ഥാനം എത്ര രൂപയ്ക്കാണ് സംഭരിക്കുക തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതായതോടെ കർഷകർ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
കർഷക വഞ്ചനയെന്ന് ആരോപണം
കർഷക മോർച്ച ജില്ലാ അധ്യക്ഷൻ രമേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കർഷക പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നെല്ല് സംഭരണത്തിൽ സർക്കാർ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ദിവസവും മഴ പെയ്യുന്നതിനാൽ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് കർഷകർ. ജില്ലയ്ക്ക് നാല് പാഡി മാർക്കറ്റിംഗ് ഓഫീസർമാർ വേണമെന്നിരിക്കെ നിലവിൽ രണ്ട് ഓഫീസർമാർ മാത്രമാണുള്ളത്. മില്ലുകാരുമായി കരാറിൽ ഏർപ്പെടാനോ വിലവിതരണം സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാനോ സർക്കാറിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

തുടർന്ന് വീണ്ടും കർഷകർ മുദ്രാവാക്യം മുഴക്കിയതോടെ പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!