പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നാലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളും പുറത്തുവരുന്നു. തൃത്താല, കോങ്ങാട്, ചിറ്റൂർ എന്നീ മൂന്ന് മണ്ഡലങ്ങളിൽ പാർട്ടിക്ക് തോൽവി നേരിടേണ്ടി വന്നതിന് ജില്ലാ സെക്രട്ടറിയുടെ നിലപാടുകളും പക്വതയില്ലായ്മയും കാരണമായെന്നാണ് വിലയിരുത്തൽ.
വിഭാഗീയതയും വിമതപ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ജില്ലാ നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം നേതൃത്വം താൻപോരിമയോടെ പെരുമാറി എന്ന വിമർശനവും വിവിധ ഏരിയ കമ്മിറ്റികളുടെ ഗ്രൂപ്പ് ചർച്ചകളിൽ ശക്തമായി ഉയർന്നു.
തിരഞ്ഞെടുപ്പ് തോൽവിയും വോട്ടുചോർച്ചയും
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ 67,000 വോട്ടിന്റെ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ചിറ്റൂരിലെ തോൽവിക്കു മുഖ്യ കാരണം കൊഴിഞ്ഞാമ്പാറയിലെ വിമതപ്രശ്നമാണ്. നല്ലേപ്പിള്ളിയിലും പെരുവെമ്പിലും വോട്ടു കുറഞ്ഞതും കടുത്ത തിരിച്ചടിയായി. കോങ്ങാട്ട് സംഘടനാ പ്രശ്‌നങ്ങളും, തൃത്താലയിൽ പ്രാദേശിക വിഭാഗീയതയുമാണ് തോൽവിക്ക് വഴിയൊരുക്കിയത്. കോങ്ങാട്ട് ബിജെപി വോട്ടുകൾ കോൺഗ്രസിനു പോയാൽ പോലും അതു മറികടക്കാവുന്ന സംഘടനാബലമുണ്ടായിട്ടും പാർട്ടി പരാജയപ്പെട്ടത് വലിയ വിമർശനത്തിന് ഇടയാക്കി.
ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വവും സെക്രട്ടറിയും പരാജയപ്പെട്ടുവെന്ന വിലയിരുത്തലിനൊപ്പമാണ് ഇ.എൻ. സുരേഷ് ബാബുവിനെതിരെ നടപടിയുണ്ടായത്. പുതിയ സെക്രട്ടറിയായി വി. ചെന്താമരാക്ഷൻ ചുമതലയേറ്റെടുത്തിട്ടുണ്ട്.