തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനിഷ് കുമാറിനെതിരെ ഉള്ള എല്ലാ കേസുകളും അന്വേഷിക്കപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. 2006-ൽ സംസ്ഥാനത്ത് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗ്യാനേഷിനെതിരെ കേസെടുക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2006-ലെ സംഭവം മാത്രമല്ല, അദ്ദേഹം നടത്തിയതായി പറയപ്പെടുന്ന എല്ലാ ക്രമക്കേടുകൾക്കെതിരെയും സമഗ്രമായ അന്വേഷണം വേണമെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടെന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഗ്യാനിഷ് കുമാറിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധം ഉയരുകയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറം വിവാദ പരാമർശം തള്ളി

അതേസമയം, മലപ്പുറത്തെ കുറിച്ച് വിവാദ പരാമർശം നടത്തിയ സിപിഎം നേതാവ് നന്ദകുമാറിന്റെ പ്രസ്താവന എം.വി. ഗോവിന്ദൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. അത് പാർട്ടിയുടെ നിലപാടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മലപ്പുറത്ത് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും കൈകാര്യം ചെയ്യുന്നത് വർഗീയ നിലപാടുകളാണെന്നാണ് പാർട്ടി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ സമരകാലത്ത് ഉൾപ്പെടെ ദേശീയ പ്രസ്ഥാനത്തോട് ചേർന്ന് ഉജ്ജ്വല പോരാട്ടം നടത്തിയ ചരിത്രമുള്ള ജില്ലയാണ് മലപ്പുറമെന്നും അവിടത്തെ ജനങ്ങളും നേതാക്കളും രാജ്യത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു.