പാലക്കാട്: പിരായിരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മാമ്പ്ര കരിങ്കൽ ക്വാറിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ക്വാറിക്കെതിരെ തദ്ദേശവാസികൾ നടത്തുന്ന സമരം 40 ദിവസങ്ങൾ പിന്നിടുമ്പോൾ, കല്ലുകയറ്റി പോകുന്ന വാഹനങ്ങൾ നാട്ടുകാർ തന്നെ തടഞ്ഞിട്ട് പാസ് പരിശോധിക്കുന്ന സ്ഥിതിവരെയുണ്ടായി. അനധികൃത കല്ലുകടത്ത് പരിശോധിക്കാൻ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തയ്യാറാകാത്തതിനെത്തുടർന്നാണ് നാട്ടുകാർ നേരിട്ട് രംഗത്തിറങ്ങിയത്.
ജനജീവിതം ദുസ്സഹമാക്കി ക്വാറി
ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ പാറ പൊട്ടിക്കുന്നതിലൂടെ പ്രദേശത്തെ അൻപതിലേറെ വീടുകൾക്ക് വിള്ളൽ വീണുകഴിഞ്ഞതായി സമരസമിതി നേതാക്കളായ സുനൈന ടീച്ചർ, ഹക്കീം എസ്., ചന്ദ്രൻ കെ.സി. എന്നിവർ പറഞ്ഞു. ക്വാറിയുടെ തൊട്ടടുത്ത് നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലുള്ള 22.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കിന്റെ സ്ലാബിൽ വിള്ളൽ വീണതായി വാട്ടർ അതോറിറ്റി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ 110 കെ.വി. ഇലക്ട്രിക്കൽ ലൈനും തകർച്ചയുടെ വക്കിലാണ്.
വ്യാജ പാസ് ഉപയോഗിച്ച് കല്ലുകടത്ത്
പ്രതിദിനം ക്വാറിയിൽ നിന്ന് ഒരേ പാസ് ഉപയോഗിച്ച് നിരവധി ലോഡുകളാണ് പോകുന്നത്. 300-ലേറെ സർവീസുകളാണ് ടിപ്പറുകൾ നടത്തുന്നത് വഴി സർക്കാരിന് വലിയ നികുതി നഷ്ടവും ഉണ്ടാവുന്നുണ്ട്. അനധികൃത കല്ലുകടത്ത് തടയാൻ എത്തിയ പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ പാസ് ഉപയോഗിച്ച് കല്ല് കടത്തുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ നിസ്സാരമായ ക്രമക്കേടുകൾ മാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
16-ന് കളക്ട്രേറ്റ് ഉപരോധം
ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ക്വാറിയുടെയും അതിനെ സഹായിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും നിലപാടിൽ പ്രതിഷേധിച്ച് ഈ മാസം 16-ന് ജില്ലാ കളക്ടറെ ഉപരോധിക്കാൻ സമരസമിതി തീരുമാനിച്ചു. പ്രമുഖ അഭിഭാഷകൻ ജോൺ ജോൺ സമരത്തിന് നേതൃത്വം നൽകുന്നു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!