പാലക്കാട്: പാചക എണ്ണയുടെ പുനരുപയോഗം തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഓപ്പറേഷന്‍ തെളിമ'യുടെ ഭാഗമായി ജില്ലയില്‍ വ്യാപക പരിശോധന നടത്തി. വൈകുന്നേരങ്ങളില്‍ സജീവമാകുന്ന തട്ടുകടകള്‍, വഴിയോര ഭക്ഷണശാലകള്‍, എണ്ണക്കടികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

'ടി.പി.സി.' മീറ്റര്‍ ഉപയോഗിച്ച് എണ്ണയുടെ പുനരുപയോഗം കൃത്യമായി പരിശോധിച്ചു. പരിശോധനയില്‍ ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 35 ലിറ്റര്‍ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയ 25 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തിയതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. എ രേഖ അറിയിച്ചു.

പാലക്കാട് മുനിസിപ്പാലിറ്റി പരിധിയിലെ 179 സ്ഥാപനങ്ങളില്‍ മൊബൈല്‍ ലബോറട്ടറിയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി ഇത്തരം മിന്നല്‍ പരിശോധനകള്‍ വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.