പാലക്കാട് മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന കരാർ കാലാവധി കഴിഞ്ഞ 94 ജീവനക്കാർക്കും കാലാവധി നീട്ടി നൽകിയതായും പുതിയ 80 തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുമെന്നും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ജീവനക്കാരില്ല എന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഇതിൻറെ പ്രയോജനം ആശുപത്രിയിൽ എത്തുന്ന ഔട്ട് പേഷ്യൻസിനും രോഗികൾക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിന്റെ പണി 2019 മുതൽ ഇഴഞ്ഞു നീങ്ങുകയാണ്. ഇത് പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായും വിവിധ വകുപ്പുകളുംമായും ചർച്ച നടത്തി. മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തികൾ വിലയിരുത്തുന്നതിന് ഒരു മോണിറ്ററിംഗ് കമ്മിറ്റി ഇല്ലാത്തതാണ് പ്രശ്നം എന്ന് മനസ്സിലാക്കി പാലക്കാട് എംപി എംഎൽഎ ജില്ലാ കളക്ടർ എന്നിവരെകൂടി ഉൾപ്പെടുത്തി പുതിയ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ഇവർ ഏഴോളം യോഗങ്ങൾ ചേർന്നു കഴിഞ്ഞു. ബാക്കിയുള്ള
പണി പൂർത്തീകരിക്കും. പാലക്കാട് മെഡിക്കൽ കോളേജിലെ പ്രധാന ബിൽഡിംഗ് ഒഴികെ മറ്റൊരു കെട്ടിടവും പണിതീർത്ത് ഇതുവരെ വകുപ്പിന് കൈമാറിയിട്ടില്ല. അതുകൊണ്ടുതന്നെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസ്സം ആവുന്നുണ്ട്. മോണിറ്ററിംഗ് കമ്മിറ്റിയുടെ ഇടപെടൽ കാരണം 90% ത്തോളം ജോലികൾ പൂർത്തീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ 20ന് കെട്ടിടം കൈമാറും എന്ന് അറിയിച്ചിരുന്നുവെങ്കിലും അല്പം കൂടി പണി ബാക്കിയുണ്ട്. വകുപ്പിലേക്ക് ഓണർഷിപ്പ് കൈമാറി കിട്ടുന്ന മുറക്ക് കൂടുതൽ വികസന പ്രവർത്തനങ്ങൾ ഏർപ്പെടുത്തും. പാലക്കാട് മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പുതിയ സർക്കാർ വന്നതിനുശേഷം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ സർക്കാരിൻറെ കാലാവധിക്കുള്ളിൽ മെഡിക്കൽ കോളേജ് പൂർണതോതിൽ സജ്ജമാവും. അട്ടപ്പാടിയിലെ രോഗികളെ പാലക്കാട് മെഡിക്കൽ കോളേജിൽ സ്വീകരിക്കുന്നതിന് പകരം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ചുള്ള ചോദ്യത്തോടായി രുന്നു പ്രതികരണം.
അട്ടപ്പാടിയിൽ ശിശുമരണങ്ങളുടെ പേരിൽ ബാലസംഘം നടത്തുന്ന നിരാഹാര സമരത്തെസ്വാഗതം ചെയ്ത മന്ത്രി ഉമ്മൻചാണ്ടി സർക്കാർ അട്ടപ്പാടിയിൽ ഏർപ്പെടുത്തിയ 174 കമ്മ്യൂണിറ്റി കിച്ചണുകൾ വെട്ടിക്കുറച്ച് വെറും 28 ആക്കി മാറ്റിയപ്പോൾ ഇതിനെതിരെ ബാലസംഘമോ അതിന്റെ നേതാക്കളോ പ്രതികരിക്കുകയോ സമരം ചെയ്യുകയോ ചെയ്യുന്നത് പാലക്കാട്ടുകാരിയായിട്ട് കൂടി താൻ താൻ അറിയുകയോ കണ്ടിട്ടോ ഇല്ല എന്നും പറഞ്ഞു.
അട്ടപ്പാടിയിൽ വനിതാ ശിശു വികസന വകുപ്പ് പട്ടികവർഗ്ഗ വകുപ്പ് എന്നിവരുടെ കൂടി സഹകരണത്തോടുകൂടി ആവശ്യമായി ഇടങ്ങളിൽ എല്ലാം കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും.
അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാത്തതിന് കാരണം കൃത്യമായ പദ്ധതി വിലയിരുത്തൽ നടക്കാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ നിരന്തരമായ മോണിറ്ററിംഗ് സംവിധാനം ഉണ്ടാക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ ആണ് തീരുമാനമെന്നും മന്ത്രി കെ എ തുളസി പറഞ്ഞു
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!