പാലക്കാട്: നവരാത്രി കാലത്ത് ഈ ക്ഷേത്രത്തിലെത്തിയാൽ പ്രധാന പ്രതിഷ്ഠ ഏതാണ്, ബൊമ്മക്കൊലു ഒരുക്കിയത് ഏതാണ് എന്ന സംശയമാവും ആദ്യമായിട്ട് വരുന്നവർക്കുണ്ടാവുക. കാരണം അത്രയേറെ വൈവിധ്യം നിറഞ്ഞതാണ് പാലക്കാട് നഗരത്തിന് തൊട്ടടുത്ത് മേലാമുറിയിലുള്ള ശ്രീ പെരിയ മാരിയമ്മൻ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ.

നവരാത്രി ഉത്സവം തുടങ്ങുന്ന അന്നുമുതൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയ്ക്ക് തൊട്ടടുത്തായുള്ള കൊലു മണ്ഡപത്തിൽ പടുകൂറ്റൻ ബൊമ്മക്കൊലു ഒരുക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്ന് എത്തുന്ന ബ്രാഹ്മണർ ഇവിടെ താമസിച്ച് വ്രതാനുഷ്ഠാനങ്ങളോടെ ചന്ദനക്കാപ്പ് അണിയിച്ചാണ് കൊലു വിഗ്രഹങ്ങൾ ഒരുക്കുന്നത്.
പത്തടിയിലേറെ ഉയരമുള്ള വിഗ്രഹങ്ങൾ
പത്തടിയിലേറെ ഉയരമുള്ളതാണ് ഓരോ കൊലു വിഗ്രഹങ്ങളും. ദേവിയും ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയ ദേവന്മാരുടെയും വിവിധ രൂപങ്ങളാണ് ദിവസവും ഒരുക്കുന്നത്. ഇത് കാണാനും അനുഗ്രഹം വാങ്ങാനുമായി നൂറുകണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നത്.
നിറയെ പലഹാരങ്ങളും ഭക്ഷണപദാർത്ഥങ്ങളും നിരത്തി ഒരുക്കുന്ന ഘടോൽക്കച വിഗ്രഹവും പണവും സ്വർണവും കൊണ്ട് ദൈവത്തെ അലങ്കരിച്ച് ഒരുക്കുന്ന കനകധാര പ്രതിഷ്ഠയും ഏറെ പ്രധാനപ്പെട്ട അലങ്കാരങ്ങളാണ്. ശ്രീരാമ പട്ടാഭിഷേകം ഉൾപ്പെടെയുള്ള ഐതിഹാസിക രംഗങ്ങളും ഈ ദിവസങ്ങളിൽ കൊലുവായി ഒരുക്കാറുണ്ട്. സിംഹ വാഹനത്തിൽ ദേവിയുടെ എഴുന്നള്ളിപ്പ് നടത്തി അസുര നിഗ്രഹം നടത്തുന്ന ചടങ്ങുകളോടെയാണ് നവരാത്രി ഉത്സവത്തിന് സമാപനമാകുന്നത്.

ഏകദേശം 200 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ 60 വർഷമായി നവരാത്രി ഏറെ വ്യത്യസ്തമായ ചടങ്ങുകളോടെയാണ് പ്രദേശവാസികൾ ആഘോഷിക്കുന്നത്. വളരെ ചെറിയ രീതിയിൽ തുടങ്ങിയ ഉത്സവം ഇന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന വലിയൊരു സാംസ്കാരിക-ആത്മീയ സംഗമമായി മാറിയിരിക്കുകയാണ്.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!