പാലക്കാട്: 13 വയസ്സുകാരന്റെ നന്മയിൽ വിരിഞ്ഞത് ഒരു സ്വർണനേട്ടം മാത്രമല്ല; സ്വന്തമായി ഒരു വീടെന്ന മറ്റൊരാളുടെ സ്വപ്നം കൂടിയാണ്. ചില സമ്മാനങ്ങൾക്ക് വിലയിടാൻ പണമുണ്ടായേക്കാം. പക്ഷേ, ഒരാളുടെ ജീവിതത്തിൽ അവ സൃഷ്ടിക്കുന്ന മാറ്റങ്ങൾക്ക് വിലയിടാനാവില്ല. പതിനായിരത്തിലേറെ രൂപ വിലയുള്ള ഒരു സ്പൈക്ക് ഷൂസ് സ്വന്തം കാലിൽനിന്ന് ഊരി മറ്റൊരാൾക്ക് നൽകുമ്പോൾ, അതിലൂടെ മറ്റൊരു ജീവിതത്തിൽ ഇത്ര വലിയ മാറ്റമുണ്ടാകുമെന്ന് ഈ പതിമൂന്നുകാരൻ ഒരുപക്ഷേ കരുതിയിട്ടുണ്ടാവില്ല. എന്നാൽ, ഇന്ന് കായിക കേരളത്തിന്റെ ഹൃദയം കീഴടക്കുകയാണ് അതുൽജിത്ത് എന്ന എട്ടാം ക്ലാസുകാരൻ.
പാലക്കാടിനടുത്ത് പനങ്ങാട്ടിരി ആർ.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അതുൽജിത്ത്. അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ജി. അക്ഷയ ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം നേടിയപ്പോൾ, ആ നേട്ടത്തിനു പിന്നിൽ അതുലിന്റെ കരുതലിനും ഒരു പങ്കുണ്ടായിരുന്നു. അക്ഷയയുടെ കാലിലുണ്ടായിരുന്നത് അവൾ സ്വന്തമായി വാങ്ങിയ സ്പൈക്കായിരുന്നില്ല. അതുൽജിത്ത് തനിക്കുള്ള സ്പൈക്ക് അവൾക്ക് കടമായി നൽകിയതായിരുന്നു.
നന്മയുടെ ട്രാക്കിൽ
സ്കൂൾ ഗ്രൗണ്ടിൽ പരിശീലനത്തിന് എത്തുന്നതുമുതൽ അതുലിന് അക്ഷയയെ അറിയാം. ഓട്ടത്തിനായി അക്ഷയയ്ക്ക് സ്പൈക്ക് ആവശ്യമുള്ളപ്പോഴെല്ലാം സ്വന്തം ഷൂസ് നൽകാൻ അവൻ മടിച്ചിരുന്നില്ല. സംസ്ഥാന കായികമേളയിലും ആ കരുതൽ തുടർന്നു. കായികമേളയിൽ ആദ്യം അക്ഷയയുടെ 3000 മീറ്റർ മത്സരം. അതിനായി അതുൽ തന്റെ സ്പൈക്ക് അവൾക്ക് നൽകി. അക്ഷയ ഓടി സ്വർണം നേടി. പിന്നാലെ അതേ സ്പൈക്ക് ഊരിവാങ്ങി അതുൽ തന്റെ 400 മീറ്റർ മത്സരത്തിനായി ട്രാക്കിലിറങ്ങി.
ഏകദേശം 15,000 രൂപ വിലയുള്ള സ്പൈക്ക് മറ്റൊരാൾക്ക് നൽകുമ്പോൾ അതിന്റെ വിലയെക്കുറിച്ചായിരുന്നില്ല ഈ കൊച്ചുമിടുക്കന്റെ ചിന്ത. തന്റെ സഹപാഠി ചേച്ചിക്ക് ഓടണം. അവൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കണം. അത്രയേ അവൻ ആഗ്രഹിച്ചുള്ളൂ. സ്വർണം നേടിയ അക്ഷയയുടെ ജീവിതസാഹചര്യങ്ങളും സ്വന്തമായി ഒരു വീടും സ്ഥലവും വേണമെന്ന അവളുടെ ആഗ്രഹവും പുറത്തറിഞ്ഞതോടെ സഹായഹസ്തങ്ങളുമായി ആളുകളെത്തി. അക്ഷയയ്ക്ക് മൂന്നര സെന്റ് സ്ഥലം വാങ്ങിനൽകാൻ മുന്നോട്ടുവന്ന സാമൂഹ്യപ്രവർത്തകൻ മുകേഷ് ജെയിൻ സ്ഥലത്തിന് അഡ്വാൻസ് തുക നൽകുകയും അതിന്റെ രേഖകൾ കൈമാറുകയും ചെയ്തു.
മാതൃകയായി ഒരു കൊച്ചുമിടുക്കൻ
താളവാദ്യ കലാകാരനായ പെരിങ്ങോട്ടുകാവ് സുരേഷാണ് അതുലിന്റെ അച്ഛൻ. അമ്മ നഴ്സായി ജോലി ചെയ്യുന്നു. ഈ കുടുംബത്തിൽ വളരുന്ന അതുൽ തന്റെ ചെറിയ പ്രായത്തിൽത്തന്നെ മറ്റൊരാളുടെ ആവശ്യത്തെ മനസ്സിലാക്കാനും സ്വന്തം കൈവശമുള്ളത് പങ്കുവെക്കാനും പഠിച്ചിരിക്കുന്നു. അക്ഷയയുടെ കഴുത്തിൽ സ്വർണമണിഞ്ഞപ്പോൾ, അതുലിന്റെ മനസ്സിലെ നന്മയാണ് കേരളത്തിന്റെ ഹൃദയത്തിൽ ഇടംനേടിയത്.
ചിലപ്പോൾ, ജീവിതത്തിൽ നമ്മൾ നേടുന്ന ഏറ്റവും വലിയ വിജയം സ്വന്തം പേരിൽ എഴുതപ്പെടുന്നതല്ല; മറ്റൊരാളുടെ ജീവിതത്തിൽ പ്രതീക്ഷയായി മാറുന്നതാണ്. അതുലിന്റെ സ്പൈക്ക് ഷൂസ് സമ്മാനിക്കുന്നത് ഈ വലിയ സന്ദേശമാണ്.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!