പാലക്കാട്: ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ 50 പവൻ സ്വർണം കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ അതി വിദഗ്ധമായി നടത്തിയ മോഷണമാണ് പോലീസ് പൊളിച്ചടുക്കിയത്. കേസിൽ 

തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെയാണ് കേരള റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

1001522210.jpg

 മാസ്കും വേഷമാറ്റവും ഉപയോഗിച്ച് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ച പ്രതിയെ 600 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചും ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും ഒരാഴ്ച നീണ്ട തീവ്ര അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

1001522196.jpg

ചെന്നൈയിൽനിന്ന് യാത്ര ചെയ്യുകയായിരുന്ന കുമാരി എന്ന യാത്രക്കാരിയുടെ 50 പവൻ സ്വർണമാണ് മോഷണം പോയത്. കഴിഞ്ഞ നവംബർ രണ്ടിനായിരുന്നു സംഭവം. സ്വർണം ബാഗിലാക്കി ട്രെയിനിലെ സീറ്റിനടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കുമാരി. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ സമയം നോക്കി പ്രതി ബാഗിൽനിന്ന് സ്വർണം കവർന്നതായാണ് വിവരം.

1001522207.jpg

ട്രെയിൻ തൃശ്ശൂരിലെത്തിയപ്പോഴാണ് ബാഗ് കാണാനില്ലെന്ന വിവരം കുമാരിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ടി.ടി.ഇയെ വിവരമറിയിക്കുകയും പിന്നീട് കൊല്ലത്ത് പരാതി നൽകുകയും ചെയ്തു. ഇതോടെ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. നവംബർ രണ്ടിന് നടന്ന മോഷണത്തിൽ നവംബർ 11 ആയപ്പോഴേക്കും പ്രതിയെ പിടികൂടാനായി എന്നതാണ് അന്വേഷണത്തിലെ ശ്രദ്ധേയമായ കാര്യം.

 

മാസ്കും വേഷമാറ്റവും; പോലീസിനെ വഴിതെറ്റിക്കാൻ ശ്രമം: 

 

മോഷണം നടത്തുമ്പോഴും അതിനുശേഷവും മാസ്ക് ധരിച്ചാണ് പ്രതി സഞ്ചരിച്ചിരുന്നത്. മോഷണത്തിനുശേഷം പോലീസിന്റെ കണ്ണുവെട്ടിക്കാൻ പല തന്ത്രങ്ങളും ഇയാൾ പ്രയോഗിച്ചു. മറ്റൊരു ട്രെയിനിൽ കയറുന്നതുപോലെ കാണിച്ചെങ്കിലും യഥാർഥത്തിൽ അതിൽ കയറിയില്ല. പിന്നീട് വിവിധ ബസുകളിൽ കയറുന്നതുപോലെയും യാത്ര ചെയ്യുന്നതുപോലെയും കാണിച്ച് അന്വേഷണസംഘത്തെ വഴിതെറ്റിക്കാനും ശ്രമിച്ചു. ഇതിനിടെ പലതവണ വസ്ത്രം മാറുകയും ചെയ്തു. പോലീസിനു കിട്ടിയ സിസിടിവികളിൽ എല്ലാം പ്രതിയെ തിരിച്ചറിയുന്നത് വിഷമമായിരുന്നു. വിവിധ സ്ഥലങ്ങളിലായി 600 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മാസ്ക് ധരിച്ചിരുന്നത് പ്രതിയെ തിരിച്ചറിയുന്നതിന് തടസ്സമായി.

 

എങ്കിലും അന്വേഷണം ഉപേക്ഷിക്കാൻ പോലീസ് തയ്യാറായില്ല. കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്ന ഗാണ്ഡീവ പോർട്ടൽ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായവും തേടി. ലഭ്യമായ എല്ലാ സാധ്യതകളും ആധുനിക അന്വേഷണരീതികളും പ്രയോജനപ്പെടുത്തി ഒരാഴ്ചയോളം പോലീസ് ഉദ്യോഗസ്ഥർ പ്രതിക്കായി തീവ്രശ്രമം നടത്തി.

 

നൂറോളം പോലീസുകാരുടെ കൂട്ടായ പരിശ്രമം : 

 

കേരള പോലീസിനൊപ്പം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവരും അന്വേഷണത്തിൽ സഹകരിച്ചു. വിവിധ സ്ഥലങ്ങളിലെ വിവരങ്ങൾ ശേഖരിച്ചും സാങ്കേതിക സഹായങ്ങൾ ഉപയോഗിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്.

 

ഇൻസ്റ്റഗ്രാമിൽ ബാലമുരുകൻ പങ്കുവെച്ച റീൽസും സാമൂഹികമാധ്യമങ്ങളിലെ സാന്നിധ്യവും അന്വേഷണത്തിൽ നിർണായക സൂചനയായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണമാണ് തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ ഇയാളിലേക്ക് പോലീസിനെ എത്തിച്ചത്.

 

റെയിൽവേ പോലീസ് ഡിവൈഎസ്പി മനോജ് പറേറ്റേ, റെയിൽവേ പോലീസ് ഇൻസ്പെക്ടർ പ്രതാപ്, ആർപിഎഫ് ഇൻസ്പെക്ടർ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. റെയിൽവേ പോലീസിലെ എസ്.ഐ. പ്രവീണായിരുന്നു കേസിന്റെ അന്വേഷണച്ചുമതല നിർവഹിച്ചത്.  

 

മോഷണത്തിനുശേഷം ദീപാവലി ആഘോഷം; നാട്ടുകാർക്ക് സമ്മാനങ്ങളും! 

 

പോലീസ് അന്വേഷണത്തിൽ പുറത്തുവന്നത് ബാലമുരുകന്റെ മറ്റൊരു ജീവിതമായിരുന്നു. ഇത്രയും വലിയൊരു മോഷണം നടത്തിയശേഷം സ്വന്തം നാടായ ദിണ്ടിഗലിൽ തിരിച്ചെത്തിയ ഇയാൾ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു. മോഷണത്തിന്റെ യാതൊരു സൂചനയും പുറത്തുകാണിക്കാതെ നാട്ടുകാർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയും ആഘോഷങ്ങളിൽ സജീവമായും കഴിയുകയായിരുന്നു ഇയാൾ.

 

സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ എന്നതിലുപരി നാട്ടുകാർക്കിടയിൽ ദയാലുവായും ഭക്തിമാർഗത്തിൽ സഞ്ചരിക്കുന്ന നല്ല ചെറുപ്പക്കാരനായും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ബാലമുരുകൻ. പുറമേ മാന്യമായ ജീവിതം നയിച്ചിരുന്ന ഇയാളുടെ മറ്റൊരു മുഖം പുറത്തുവന്നതോടെ നാട്ടുകാരും അമ്പരന്നു.

 

പോലീസ് പിടിയിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നടത്തിയ പിറന്നാൾ ആഘോഷങ്ങളുടെ ദൃശ്യങ്ങളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്.

 

മറ്റ് മോഷണക്കേസുകളിലും പങ്കുണ്ടോയെന്ന് അന്വേഷണം : 

 

ബാലമുരുകനെതിരെ ബസ് സ്റ്റാൻഡിൽനിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സമാനമായ മറ്റ് മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം തുടരുകയാണ്.

 

മോഷണം പോയ 50 പവൻ സ്വർണം ഇനി തിരിച്ചുകിട്ടില്ലെന്നുപോലും കരുതിയിരുന്ന കുമാരിക്ക് പ്രതിയെ പിടികൂടാനായത് വലിയ ആശ്വാസമായി. സ്വർണം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയ്ക്കപ്പുറം, തനിക്ക് സംഭവിച്ച നഷ്ടത്തിന് ഉത്തരവാദിയായ ആളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ കഠിനശ്രമം വീട്ടമ്മയ്ക്ക് നൽകിയ ആശ്വാസം ചെറുതല്ല. വെറും പത്ത് ദിവസത്തിനുള്ളിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത് അന്വേഷണസംഘത്തിന്റെ കാര്യക്ഷമതയുടെ നേർസാക്ഷ്യമായി.റെയിൽവേ പോലീസ് ഡിവൈഎസ്പി മനോജ് പറേറ്റേ, റെയിൽവേ പോലീസ് ഇൻസ്പെക്ടർ പ്രതാപ്, ആർപിഎഫ് ഇൻസ്പെക്ടർ ഗിരീഷ് എന്നിവരുടെ നേതൃത്വ

ത്തിലായിരുന്നു അന്വേഷണം.