പാലക്കാട്: അട്ടപ്പാടിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന നാടൻ തോക്ക് നിർമ്മാണശാല കണ്ടെത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഷോളയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മേലെ കുറുവൻപാടിയിൽ 16 ഏക്കറോളം വിസ്തൃതിയുള്ള തോട്ടത്തിലെ ഷെഡുകളിലാണ് നാടൻ തോക്കുകൾ നിർമ്മിച്ചിരുന്നത്.

1001516373.jpg

രഹസ്യവിവരത്തെ തുടർന്ന് ATS, മണ്ണാർക്കാട് DANSAF സംഘം, ഷോളയൂർ പോലീസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. 16 ഏക്കറോളം വരുന്ന തോട്ടം വളഞ്ഞ് നടത്തിയ പരിശോധനയിൽ നിർമ്മാണം പൂർത്തിയായ മൂന്ന് നാടൻ തോക്കുകൾ, തോക്ക് നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മറ്റ് സാമഗ്രികളും കണ്ടെത്തി.

തോട്ടത്തിൽ നിന്ന് ഏകദേശം 20 ലിറ്ററോളം വാറ്റുചാരായവും പോലീസ് പിടിച്ചെടുത്തു.

നാടൻ തോക്ക് നിർമ്മാണത്തിൽ വിദഗ്ധനായ സരസൻ, ഇയാളുടെ സഹായികളായ സുമേഷ്, ഡാനിയേൽ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെക്കുറിച്ചും തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.