പാലക്കാട്: ആസിഡ് മുഖത്തും ശരീരത്തിലും ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് തേർഡ് അഡീഷണൽ സെഷൻസ് കോടതി (FTC I) ജഡ്ജി സുജയമ്മ വി.ബി.യാണ് ശിക്ഷ വിധിച്ചത്.
തമിഴ്നാട് സേലം സ്വദേശി കണ്ണൻ (46), കോയമ്പത്തൂർ സ്വദേശി റംലത്ത് എന്ന സലീന (48), ആലത്തൂർ ഇരട്ടക്കുളം സ്വദേശി ശക്തൻ (54) എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. കേസിലെ രണ്ടാം പ്രതിയായ ശേഖരൻ (84) മരണപ്പെട്ടിരുന്നു.
പ്രോസിക്യൂഷൻ വാദപ്രകാരം, പരാതിക്കാരിയോടുള്ള വിരോധം മൂലം അവരെ വിരൂപമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒന്നും മൂന്നും നാലും പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി. രണ്ടാം പ്രതി ഇവർക്ക് 1,40,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു.
2016 ജൂൺ 23-ന് രാത്രി 7.10-ന് രണ്ടാം പ്രതിയുടെ കാറിലെത്തിയ ഒന്നാം പ്രതി, വേപ്പിലശ്ശേരിയിലുള്ള പരാതിക്കാരിയുടെ വീടിന് മുന്നിൽ വെച്ച് കാറിന്റെ ഡിക്കിയിൽനിന്ന് സാധനങ്ങൾ ഇറക്കുന്ന സമയത്ത് കൈയിൽ കരുതിയിരുന്ന ആസിഡ് മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പരാതിക്കാരിയുടെ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായാണ് പ്രോസിക്യൂഷൻ വാദം.
അന്നത്തെ ആലത്തൂർ സബ് ഇൻസ്പെക്ടർമാരായ പ്രതാപ് എ., അനീഷ് എസ്. എന്നിവർ കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. ജി.എസ്.ഐ. രാമസ്വാമി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.
പ്രോസിക്യൂഷനുവേണ്ടി മുൻ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ സിദ്ധാർത്ഥൻ എസ്. ഹാജരായി. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ സമർപ്പിക്കുകയും ചെയ്തു. ജി.എസ്.ഐ. സുരേഷ്ബാബു, സി.പി.ഒ. സുബാഷ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!