പാലക്കാട്: എട്ടുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാതൂർ ആനിക്കോട് ധർമന്റെ മകൻ പ്രഭാകരൻ എന്ന കാമ്പി (76)യെയാണ് ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജി സന്തോഷ് കെ വേണുവാണ് ശിക്ഷ വിധിച്ചത്.
2023 ജനുവരി ഒന്നുമുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിൽ അതിജീവിതയുടെ വീടിനടുത്തുള്ള വീട്ടിൽവെച്ച് പ്രതി കുട്ടിയെ ലൈംഗികമായി അതിക്രമിക്കുകയും ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
കുട്ടിയുടെ പ്രായം എട്ട് വയസ്സായിരുന്നു.
അന്നത്തെ കോട്ടായി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ പ്രസാദാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും ഇദ്ദേഹമാണ്. സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, എഎസ്ഐ തങ്കമണി എന്നിവർ അന്വേഷണത്തിൽ സഹായിച്ചു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.എസ്. ബിന്ദു നായർ കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. സിവിൽ പോലീസ് ഓഫീസർ നിഷ മോൾ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!